മെഡിക്കൽ കോളേജ് മോർഫിങ് കേസ്: ദുർബല വകുപ്പുകളിൽ പ്രതിക്ക് ജാമ്യം; പൊലീസിനെതിരെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി അബേലിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം ശക്തമാക്കി മെഡിക്കൽ വിദ്യാർത്ഥികൾ. പ്രതിക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ആരോപിച്ചാണ് രാത്രി വൈകിയും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനു മുന്നിൽ വിദ്യാർത്ഥികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിന്റെ നിസ്സാര വകുപ്പുകൾ കാരണം പ്രതിയായ അബേലിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ഇത്രത്തോളം രൂക്ഷമാക്കിയത്.

ഇൻസ്റ്റാഗ്രാമിൽ നിന്ന് സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അബേൽ. സംഭവത്തിൽ ആറോളം പെൺകുട്ടികൾ നിലവിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരായ എല്ലാ വിദ്യാർത്ഥിനികളുടെയും മൊഴി കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. എന്നാൽ മൊഴി നൽകാൻ സ്റ്റേഷനകത്തേക്ക് കയറിയ വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ ചില പോലീസുകാർ അനുമതിയില്ലാതെ ഫോണിൽ പകർത്തിയത് പ്രതിഷേധത്തിന്റെ സ്വഭാവം മാറ്റുകയും അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാക്കുകയും ചെയ്തു.

കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി എത്തുന്ന സാഹചര്യത്തിൽ, പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാൽ സംഭവത്തിൽ പ്രതി ഒരാളായതിനാൽ എല്ലാ പരാതികളും ഉൾപ്പെടുത്തി ഒരു എഫ്.ഐ.ആർ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ എന്നാണ് വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

 

Related Articles

- Advertisement -spot_img

Latest Articles