പുതിയ യുദ്ധത്തിന് ഇറാൻ സജ്ജം; വ്യത്യസ്തമായ ആയുധശേഖരം പുറത്തെടുക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായി വീണ്ടും ഒരു യുദ്ധമുണ്ടായാൽ അതിനെ ശക്തമായി നേരിടാൻ ഇറാന്റെ സായുധ സേന മുൻപെങ്ങുമില്ലാത്ത വിധം സജ്ജമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. വരാനിരിക്കുന്ന യുദ്ധത്തിൽ മുമ്പ് ഉപയോഗിച്ചതിനേക്കാൾ തികച്ചും വ്യത്യസ്തവും മാരകവുമായ ആയുധശേഖരമായിരിക്കും ഇറാൻ പുറത്തെടുക്കുകയെന്ന് ഐ.ആർ.ജി.സി വക്താവ് സർദാർ മുഹബി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിമിനോട് പറഞ്ഞു. കരയിലും കടലിലും ആകാശത്തും തങ്ങളുടെ പരമാവധി സൈനിക ശേഷി പ്രയോഗിച്ചിട്ടും, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാനും മിനിറ്റുകൾ പോലും ഇറാന്റെ കൈകളിൽനിന്ന് തട്ടിയെടുക്കാൻ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ നടന്ന സംഘർഷത്തിൽ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ വാഷിങ്‌ടൺ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും വരാനിരിക്കുന്ന ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് മറുപടിയായി ഇസ്രായേലിനും ഗൾഫ് മേഖലയിലെ യു.എസ് സഖ്യകക്ഷികൾക്കുമെതിരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തുകയും ഹുർമുസ് കടലിടുക്ക് അടച്ചിടുകയും ചെയ്തിരുന്നു. പിന്നീട് പാകിസ്താന്റെ മധ്യസ്ഥതയിൽ ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇസ്‌ലാമാബാദിൽ നടന്ന തുടർചർച്ചകൾ ഫലവത്തായില്ല. ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മേഖലയിൽ ഇപ്പോഴും കടുത്ത ആശങ്ക തുടരുകയാണ്. എങ്കിലും പ്രശ്നപരിഹാരത്തിനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ശ്രമങ്ങൾ ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ലബനാന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ കരയാക്രമണം അടക്കം അതിരൂക്ഷമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കാസിൽ പ്രദേശം കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരുന്നു.ലബനാനിലെ ഈ ഇസ്രായേൽ ഇടപെടലുകൾ മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് ചർച്ചകളിൽ നിന്ന് പിന്മാറാൻ ഇറാൻ തീരുമാനിച്ചത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ ധാരണയെ കൂടുതൽ പ്രതിസന്ധിയിലാക്കും. മേഖലയിലെ ഇറാൻ അനുകൂല സഖ്യകക്ഷികളുടെ താൽപര്യങ്ങളും സുരക്ഷയും സംബന്ധിച്ച തങ്ങളുടെ ആശങ്കകൾക്ക് കൃത്യമായ പരിഹാരമുണ്ടാകുന്നത് വരെയും, തങ്ങളുടെ സുരക്ഷാ മുൻഗണനകൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നത് വരെയും ചർച്ചകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ടെഹ്‌റാന്റെ ഉറച്ച നിലപാട്.

 

 

 

Related Articles

- Advertisement -spot_img

Latest Articles