പ്രതിസന്ധികൾക്കിടയിലും വികസനക്കുതിപ്പും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ കന്നി ബജറ്റ്

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസും ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയും പ്രധാന ആകർഷണങ്ങൾ

തിരുവനന്തപുരം: പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ കന്നി ബജറ്റ് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത ധനപ്രതിസന്ധികൾ പൂർണ്ണമായും തുറന്നുസമ്മതിച്ചും, അതേസമയം വികസന മുരടിപ്പ് ഉണ്ടാകാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള വൻകിട പദ്ധതികൾ പ്രഖ്യാപിച്ചും മാനുഷിക മുഖമുള്ള ഒരു സമഗ്ര സാമ്പത്തിക നയരേഖയാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്. ഘടനാപരമായ മാറ്റങ്ങൾക്കും നിക്ഷേപ സമാഹരണത്തിനും മുൻഗണന നൽകുന്ന ഈ ബജറ്റ്, സാമ്പത്തിക യാഥാർത്ഥ്യബോധവും ദീർഘകാല വളർച്ചാ ലക്ഷ്യങ്ങളും തമ്മിൽ സമന്വയിപ്പിക്കാനുള്ള കടുത്ത ശ്രമമാണ് നടത്തുന്നത്.

ധനസ്ഥിതിയും റിയാലിറ്റി ചെക്കും
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ പദ്ധതിക്കണക്കുകൾ പെരുപ്പിച്ചു കാണിച്ചതാണെന്നും റവന്യൂ കമ്മിയിൽ തെറ്റായ അനുമാനങ്ങളാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിക്ക് പുറമെ സംസ്ഥാനത്തിന് നിലവിൽ 87,012 കോടി രൂപയുടെ ബാധ്യതയുണ്ട്. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത  കുടിശ്ശികയിനത്തിൽ 21,670 കോടി രൂപയും, കിഫ്ബി ബാധ്യത തിരിച്ചടവായി 21,000 കോടി രൂപയും നിലനിൽക്കുന്നു. പ്രതീക്ഷിച്ച വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുള്ളതിനാൽ യഥാർത്ഥ പദ്ധതി അടങ്കൽ 34,000 കോടിയിൽ നിന്നും 30,000 കോടിയാക്കി സർക്കാർ പുതുക്കി നിശ്ചയിച്ചു. ധനകാര്യ അച്ചടക്കം തിരികെക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കിഫ്ബിയുടെ പ്രവർത്തനം സമഗ്രമായി പരിഷ്കരിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയും വികസന ക്ലസ്റ്ററുകളും
സംയോജിത പ്രാദേശിക ക്ലസ്റ്ററുകളിലൂടെയുള്ള സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ‘ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി’  ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി മൂന്ന് പ്രധാന മേഖലകളാണ് നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ വിജ്ഞാന ഹബ്ബായും, കൊല്ലത്തെ ധാതു സംസ്കരണത്തിന്റെയും അപൂർവ്വ ധാതുക്കളുടെയും കേന്ദ്രമായും, ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായും മാറ്റും. ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി 100 കോടി രൂപയും സതേൺ കേരള ഇക്കണോമിക് കോറിഡോറിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ഉൽപ്പാദനം, ഗവേഷണം എന്നിവയെ ഒരു വികസന ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്നതിലൂടെ വലിയ തോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ഇതിലൂടെ സാധിക്കും.

തുറമുഖ വികസനവും മിഷൻ സമുദ്രയും
ലോക മാരിടൈം ഭൂപടത്തിൽ കേരളത്തെ വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ 400 കോടി രൂപയുടെ ‘മിഷൻ സമുദ്ര’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം-നാവാഴിക്കുളം പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നും, വിഴിഞ്ഞം ഔട്ടർ റിങ് റോഡ് വികസനം വേഗത്തിലാക്കുമെന്നും, ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ ഉടനടി നടത്തുമെന്നും ബജറ്റ് ഉറപ്പുനൽകുന്നു. ഇതിന് പുറമെ പുതിയൊരു മാരിടൈം മ്യൂസിയം സ്ഥാപിക്കുന്നതിനായി 50 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.

പ്രവാസി നിക്ഷേപവും വ്യവസായവും
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണായ പ്രവാസികളെ കേവലം പണമയക്കുന്നവർ എന്ന നിലയിൽ നിന്ന് മാറ്റി നിക്ഷേപകരും സംരംഭകരുമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്’ പ്രഖ്യാപിച്ചു. ഇതുവഴി പ്രവാസി വരുമാനത്തെ  ഉൽപ്പാദനക്ഷമമായ നിക്ഷേപങ്ങളിലേക്ക്  മാറ്റാൻ സാധിക്കും. ചെറുകിട സൂക്ഷ്മ വ്യവസായ മേഖലയെ  പിന്തുണയ്ക്കാൻ 100 കോടി വകയിരുത്തിക്കൊണ്ട് 10,000 പുതിയ സംരംഭങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂവിനിയോഗ നയം പരിഷ്കരിച്ച് ഉപയോഗിക്കാത്ത ഭൂമി ഉൾപ്പെടുത്തി ‘ലാൻഡ് ബാങ്ക്’ രൂപീകരിക്കുമെന്ന പ്രഖ്യാപനം വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ സുതാര്യവും അനായാസവുമാക്കും.

ആരോഗ്യ, സാമൂഹിക ക്ഷേമ പദ്ധതികൾ
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതിയാണ് ഈ ബജറ്റിലെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനം. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായ ഈ പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത്തരം വൻകിട സോഷ്യൽ വെൽഫെയർ പദ്ധതികൾക്ക് ആവശ്യമായ വലിയ തുക എങ്ങനെ കണ്ടെത്തുമെന്നത് സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. കൂടാതെ തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കാൻ 100 കോടി രൂപ നീക്കിവെച്ചു. ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിനായി 5 കോടിയുടെ പ്രത്യേക പാക്കേജും, എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും ബജറ്റിന്റെ മാനുഷിക മുഖം വ്യക്തമാക്കുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം എത്തിക്കാൻ ‘വൺ കേരള കരുതൽ മിഷൻ’ രൂപീകരിക്കും.

നികുതി പരിഷ്കാരങ്ങളും സാധാരണക്കാരും
ഇലക്ട്രിക് വാഹനങ്ങളുടെ  നികുതി ഘടനയിൽ ബജറ്റ് മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന 10 ലക്ഷം വരെയുള്ള ഇ.വികൾക്ക് 3 ശതമാനമായും, 10 മുതൽ 20 ലക്ഷം വരെയുള്ളവയ്ക്ക് 5 ശതമാനമായും നികുതി കുറച്ചപ്പോൾ, 40 ലക്ഷത്തിന് മുകളിലുള്ള ആഡംബര ഇ.വികൾക്ക് നികുതി 15 ശതമാനമായി ഉയർത്തി. ഉയർന്ന വരുമാനക്കാരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാനും സാധാരണക്കാർക്ക് ആശ്വാസം നൽകാനും ഈ നടപടി സഹായിക്കും. സ്റ്റേജ് കാര്യേജുകൾക്ക് (സ്വകാര്യ ബസുകൾ) 50 ശതമാനം നികുതിയിളവ് നൽകിയത് സ്വകാര്യ ബസുടമകൾക്ക് വലിയ ആശ്വാസമാകും. ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കുമെന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കൂട്ടുമെന്നും പ്രഖ്യാപനമുണ്ട്. സർക്കാർ ജീവനക്കാർക്ക് ഡി.എ മുടക്കംകൂടാതെ നൽകുമെന്നും മെഡിസെപ് പരിഷ്കരിക്കുമെന്നും അഷ്വേർഡ് പെൻഷൻ അപാകതകൾ പഠിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസവും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാൻ ‘കേരള നോളജ് വാലി’ പദ്ധതിയും ഐ.ഐ.ടി മദ്രാസ് മാതൃകയിൽ റിസർച്ച് പാർക്കുകൾക്കായി 60 കോടി രൂപയും പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർത്ഥൻ ആപ്പും’ പുതിയ ആന്റി റാഗിങ് നിയമവും കൊണ്ടുവരും. കർഷകർക്ക് അനുകൂലമായി റബർ താങ്ങുവില 250 രൂപയാക്കി ഉയർത്തിയതും കാർഷിക മേഖലയിൽ വനിതാ പങ്കാളിത്തം കൂട്ടാൻ ‘കൃഷി സഖി’ പദ്ധതി കൊണ്ടുവന്നതും ശ്രദ്ധേയമാണ്. മലയാളം എ.ഐ (AI) സംരംഭത്തിന് 10 കോടി രൂപയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകൾക്കായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ, അടിയന്തര ധനക്കമ്മി നികത്തുന്നതിനൊപ്പം ഭാവി വികസനത്തിനായുള്ള മൂലധന നിക്ഷേപം ഉറപ്പാക്കുന്ന ഒരു മികച്ച ‘ബാലൻസിങ് ആക്ട്’  ആണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles