ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും മാർഗനിർദേശങ്ങൾക്കും സഹായഹസ്തമായി പ്രവർത്തിക്കുന്ന “പ്രവാസി സേവന കേന്ദ്രം, ജിദ്ദ” ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ജൂൺ 15 മുതൽ ജൂലൈ 15 വരെ സംഘടിപ്പിക്കുന്ന നോർക്ക ക്യാമ്പയിന്റെ ഭാഗമായി പ്രവാസി സേവന കേന്ദ്രത്തിൽ നോർക്ക അപേക്ഷകൾ സ്വീകരിച്ചു. ആദ്യ അപേക്ഷ ഷൗക്കത്ത് പുഴക്കാട്ടിരിയിൽ നിന്ന് ഒ.ഐ.സി.സിയുടെ മുതിർന്ന നേതാവ് ചെമ്പൻ അബ്ബാസ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ആവശ്യമായ പിന്തുണ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി സേവന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെമ്പൻ അബ്ബാസ് പറഞ്ഞു. പ്രവാസികളുടെ തൊഴിൽ, നിയമസഹായം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, യാത്രാ രേഖകൾ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ആവശ്യമായ മാർഗനിർദേശങ്ങളും സേവനങ്ങളും കേന്ദ്രത്തിലൂടെ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സംസാരിച്ചവർ, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും സേവന കേന്ദ്രം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ജിദ്ദയിലെ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അഭിപ്രായപ്പെട്ടു. എല്ലാ വെള്ളി ദിവസങ്ങളിലും രാത്രി 8 മണി മുതൽ 10 വരെയാണ് പ്രവർത്തി സമയം.
യാസിർ നായിഫ് (ട്രഷറർ, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി), ഇബ്നു ശരീഫ് മാസ്റ്റർ (തലാൽ ഇന്റർനാഷണൽ സ്കൂൾ), ഫൈസൽ മക്കരപ്പറമ്പ്, ഇസ്മായിൽ കൂരിപ്പൊയിൽ, ഉസ്മാൻ കുണ്ടുകാവിൽ , സമീർ പാണ്ടിക്കാട് , അനസ് നീലാഞ്ചേരി, ഷംസുദ്ധീൻ വേങ്ങൂർ എന്നിവർ ആശംസകൾ നേർന്നു.എം സേവനങ്ങൾക്കും മറ്റും +966 547105698 വാട്ട്സ് അപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഗഫൂർ വണ്ടൂർ (കൺവീനർ :പ്രവാസി സേവന കേന്ദ്രം, ജിദ്ദ) സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഉസ്മാൻ മേലാറ്റൂർ നന്ദിയും പറഞ്ഞു.



