സാദിഖലി ശിഹാബ് തങ്ങൾക്ക് മക്കയിൽ ഉജ്ജ്വല സ്വീകരണം; ഹജ്ജ് വളണ്ടിയർ സ്നേഹസംഗമത്തിൽ മുഖ്യ അതിഥിയാകും

മക്ക: വിശുദ്ധ ഉംറ നിർവ്വഹണത്തിനായി സൗദി അറേബ്യയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് മക്കയിൽ കെ.എം.സി.സി പ്രവർത്തകർ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്ക് പുറമെ വിവിധ ഏരിയ കമ്മിറ്റി പ്രതിനിധികളും പ്രവർത്തകരും ചേർന്നാണ് തങ്ങളെ സ്വീകരിച്ചത്. മക്കയിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് മലയാളി സമൂഹം ഒരുക്കിയത്.

സന്ദർശനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ സംഘടനകളുടെ പരിപാടികളിലും അദ്ദേഹം പങ്കാളിയാകും. ജൂൺ 29 തിങ്കളാഴ്ച രാത്രി 10 മണിക്ക് മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ ഹജ്ജ് വളണ്ടിയർ സ്നേഹസംഗമത്തിൽ മുഖ്യഅതിഥിയായി സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹാജിമാർക്ക് സ്തുത്യർഹമായ സേവനങ്ങൾ ചെയ്‌ത്‌ ഹജ്ജ് വേളയിൽ സജീവമായി രംഗത്തുണ്ടായിരുന്ന വളണ്ടിയർമാരെ ആദരിക്കുന്നതിനും ഒത്തുചേരുന്നതിനുമായാണ് ഈ പ്രത്യേക സംഗമം ക്രമീകരിച്ചിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles