ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ; റിയാദ് രിസാലത്തുൽ ഇസ്ലാം മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് റീജിയൻ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി റിയാദ് രിസാലത്തുൽ ഇസ്ലാം മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ശ്രദ്ധേയമായ ‘തൂഫാൻ’ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, സുൽത്താനുൽ ഉലമ കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ആഹ്വാനപ്രകാരമാണ് ഐ.സി.എഫ് റിയാദ് റീജിയൻ ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

മാരകരോഗങ്ങൾക്കും അകാല മരണത്തിനും ഇടയാക്കുന്ന ലഹരിയുടെ വിപത്തിൽനിന്നും സ്വയം രക്ഷനേടുന്നതോടൊപ്പം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങ് ആഹ്വാനം ചെയ്തു. പുകയില ഉൽപ്പന്നങ്ങൾ, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഒരു ലഹരി പദാർത്ഥങ്ങളും ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തു. ലഹരി ഉപയോഗം തുടങ്ങുന്നതിന് മുൻപ് തന്നെ അത് തടയുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും ചടങ്ങിൽ പങ്കുവെക്കപ്പെട്ടു. മദ്രസ സ്റ്റുഡന്റ്സ് കൗൺസിൽ സെക്രട്ടറി സഫ്രാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി മൻസൂർ പാലത്ത്, അധ്യാപകരായ ഉമർ പന്നിയൂർ, മുഹമ്മദ് അലി സഅദി, ഫൈസൽ സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി, മഖ്ദൂം സഖാഫി, റാസിൽ നൂറാനി, ഇസ്മാഈൽ സഅദി, സുഹൈൽ നൂറാനി, അബ്ദുല്ലത്തീഫ് മിസ്ബാഹി, അൻവർ അൽ ഹസനി എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles