ലോകം സംസാരിക്കുമ്പോൾ ഇന്ത്യ മൗനത്തിൽ; ഗസ വിഷയത്തിൽ മോദി സർക്കാരിനെതിരെ സോണിയാ ഗാന്ധിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഗസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ ആഗോള സമൂഹം ശക്തമായി പ്രതികരിക്കുമ്പോഴും നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന കഠിനമായ മൗനവും’ നിഷ്ക്രിയത്വവും അത്യന്തം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അവർ കേന്ദ്ര സർക്കാരിന്റെ വിദേശനയത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. ഗസയിൽ നടക്കുന്നത് കേവലം ഒരു യുദ്ധമല്ല, മറിച്ച് പലസ്തീൻ ജനതയ്ക്ക് നേരെയുള്ള വംശഹത്യയാണെന്ന് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെട്ടിട്ടും ഇന്ത്യ ഒരു ‘മൗനത്തിന്റെ ഒറ്റപ്പെട്ട ശബ്ദമായി’ മാറിയത് രാജ്യത്തിന്റെ ധാർമ്മികതയ്ക്കും ദേശീയ താൽപ്പര്യങ്ങൾക്കും വിരുദ്ധമാണെന്ന് അവർ കുറ്റപ്പെടുത്തി.

ഇസ്രായേലിന്റെ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ നടപടികളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് എസ്. മുരളീധരൻ തലവനായ അന്താരാഷ്ട്ര കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ സോണിയാ ഗാന്ധി ലേഖനത്തിൽ അടിവരയിട്ട് കാണിക്കുന്നുണ്ട്. ഗസയിലെ സ്കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സിവിലിയൻ സൗകര്യങ്ങൾ എന്നിവ ബോധപൂർവ്വം തകർത്തതും, ആയിരക്കണക്കിന് കുട്ടികൾ ക്രൂരമായി കൊലചെയ്യപ്പെട്ടതും ഇസ്രായേൽ ഭരണകൂടത്തിന്റെ വംശഹത്യ ലക്ഷ്യങ്ങളെയാണ് വ്യക്തമാക്കുന്നത്. അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബ് എന്ന പലസ്തീൻ പെൺകുട്ടിയുടെ ദാരുണാന്ത്യത്തെക്കുറിച്ച് പരാമർശിച്ച അവർ, പലസ്തീനിലെ കുട്ടികളെ ലക്ഷ്യമിടുന്നത് യാദൃശ്ചികമല്ലെന്നും അത് ഇസ്രായേലിന്റെ ആസൂത്രിത തന്ത്രമാണെന്നും ആരോപിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം തികച്ചും അപലപനീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് വ്യക്തമാക്കിയ സോണിയാ ഗാന്ധി, എന്നാൽ അതിന് മറുപടിയായി ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പരമ്പരാഗത വിദേശനയം എക്കാലത്തും കോളനിവിരുദ്ധ ഐക്യദാർഢ്യത്തിലും, ദേശീയ പരമാധികാരത്തിലും, പലസ്തീൻ ജനതയ്ക്കുള്ള പിന്തുണയിലുമാണ് അധിഷ്ഠിതമായിരുന്നതെന്ന് സോണിയാ ഗാന്ധി ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ സർക്കാർ രാജ്യത്തെ ഇസ്രായേലിന്റെ തന്ത്രപരമായ സ്വാധീനവലയത്തിലേക്ക് പൂർണ്ണമായി തള്ളിവിട്ടിരിക്കുകയാണ്. ഇസ്രായേൽ-ഇറാൻ സംയുക്ത ആക്രമണങ്ങൾക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചതിനെ ‘അമ്പരപ്പിക്കുന്ന തന്ത്രപരമായ തീരുമാനം’ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഈ തെറ്റായ വിദേശനയം കാരണം പലസ്തീൻ, ഇറാൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ നമ്മുടെ ചരിത്രപരമായ സഖ്യകക്ഷികളിൽ നിന്നും ഇന്ത്യ ഒറ്റപ്പെട്ടുപോയെന്നും, ഈ നയതന്ത്രപരമായ ശൂന്യത മുതലെടുത്ത് മേഖലയിൽ ഒരു മധ്യസ്ഥന്റെ സ്ഥാനം കൈക്കലാക്കാൻ പാകിസ്ഥാന് അവസരമൊരുക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. ഗസയിലെ വംശഹത്യയ്ക്കെതിരെയുള്ള ആഗോള പൊതുവികാരത്തെ മാനിക്കാനും പലസ്തീൻ ജനതയ്ക്കായി ശബ്ദമുയർത്താനും ഇന്ത്യ തയ്യാറാകണമെന്നും സർക്കാരിന്റെ നിലവിലെ മൗനത്തെ യുക്തിസഹമായോ ധാർമ്മികമായോ ന്യായീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് അവർ ലേഖനം അവസാനിപ്പിച്ചത്.

Related Articles

- Advertisement -spot_img

Latest Articles