കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി ജനറേഷൻ, സമുദ്രജല ശുദ്ധീകരണ നിലയങ്ങൾക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. തുടർച്ചയായ നാലാം ദിവസമാണ് ഇറാന്റെ ഭാഗത്തുനിന്ന് കുവൈത്തിലെ തന്ത്രപ്രധാനമായ പൊതുജന ഉപഭോഗ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ അക്രമണത്തെ തുടർന്ന് കുവൈത്തിലെ പ്രമുഖ ഉത്പാദന കേന്ദ്രങ്ങളിൽ വൻ തീപിടുത്തവും കനത്ത നാശനഷ്ടങ്ങളും ഉണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മന്ത്രാലയത്തിന്റെ സമഗ്രമായ ഇടപെടലിനെ തുടർന്ന് തീപിടുത്തം പൂർണ്ണമായും അണയ്ക്കാനായെന്നും, ആക്രമണത്തിൽ തകരാറിലായ നിലയങ്ങളുടെ തത്സമയ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. നിലയങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണസ്ഥിതിയിലാക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കുവൈത്തിലെ കുടിവെള്ള വിതരണത്തിന്റെ 90 ശതമാനവും സമുദ്രജല ശുദ്ധീകരണ നിലയങ്ങളെ ആശ്രയിച്ചായതിനാൽ, തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ ജല-വൈദ്യുതി വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മേഖലയിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചത്.



