കോട്ടയം : പരാതിക്കാരുടെ സ്വത്ത് തട്ടിയെടുക്കാൻ ഒത്താശ ചെയ്യുകയും ദമ്പതികളെ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ മാത്യു ജോർജിനെതിരെ അന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. ഇടുക്കി മുട്ടം സ്വദേശികളായ രമ്യ ജെ. കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് വിജിലൻസ് കോടതിയുടെ ഈ കർശന നടപടി.
പരാതിക്കാരുടെ ബന്ധുക്കൾ ഉൾപ്പെടുന്ന എതിർകക്ഷികളെ സ്വത്ത് കൈക്കലാക്കാൻ പോലീസ് ഉദ്യോഗസ്ഥൻ വഴിവിട്ട് സഹായിച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇതിന്റെ തുടർച്ചയായി തന്നെയും ഭർത്താവിനെയും വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും, കേസിൽ നിന്ന് ഒഴിവാക്കാൻ മൂന്നര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിക്കാർ ആരോപിക്കുന്നു. കൂടാതെ, ഭർത്താവിനെ പോലീസ് സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞുവെക്കുകയും സ്വന്തം വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോപണവിധേയനായ ഇൻസ്പെക്ടറുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും തെളിവായി പരാതിക്കാർ കോടതിയിൽ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമല്ലാത്തതിനാൽ, അന്വേഷണം നടത്തുന്നതിന് പ്രത്യേക സർക്കാറിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇടുക്കി വിജിലൻസ് യൂണിറ്റിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.



