കൊല്ലപ്പെട്ട യു.എസ് ഭടന്മാരെ ഇറാൻ യുദ്ധത്തിലെ ഔദ്യോഗിക കണക്കിൽ നിന്നും ഒഴിവാക്കി പെന്റഗൺ; റിപ്പോർട്ടുമായി അസോസിയേറ്റഡ് പ്രസ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് അമേരിക്കൻ സൈനികരെ ഔദ്യോഗിക യുദ്ധ നാശനഷ്ടങ്ങളുടെ കണക്കിൽ നിന്നും പെന്റഗൺ നീക്കം ചെയ്തതായി റിപ്പോർട്ട്. ഈ നാല് സൈനികരെയും പരിക്കേറ്റ മറ്റ് ഡസൻ കണക്കിന് ഉദ്യോഗസ്ഥരെയും ഔദ്യോഗിക യുദ്ധക്കണക്കിൽ നിന്നും മാറ്റി വേറെയൊരു കാറ്റഗറിയിലേക്ക് തരംതിരിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് വെളിപ്പെടുത്തി.

യുദ്ധത്തിലെ നാശനഷ്ടങ്ങൾ രേഖപ്പെടുത്താൻ സൈനിക ഉദ്യോഗസ്ഥർ പ്രധാനമായും ആശ്രയിച്ചിരുന്ന ‘ഡിഫൻസ് കാഷ്വാലിറ്റി അനാലിസിസ് സിസ്റ്റത്തിൽ’ നിന്നാണ് കൊല്ലപ്പെട്ട സൈനികരെയും പരിക്കേറ്റവരെയും പെന്റഗൺ ഒഴിവാക്കിയത്. പകരം, ഇവർക്കായി “ഓവർസീസ് ഓപ്പറേഷൻസ്” എന്ന പേരിൽ പുതിയൊരു വിഭാഗം നിർമ്മിച്ച് അതിൽ ഉൾപ്പെടുത്തുകയായിരുന്നു. ഈ പുതിയ ലിസ്റ്റിൽ കൊല്ലപ്പെട്ട നാല് സൈനികരുടെ പേരുകൾക്ക് പുറമെ പരിക്കേറ്റ 207 സൈനികരുടെ പട്ടികയുമുണ്ട്. എന്നാൽ പരിക്കേറ്റ ഈ ഉദ്യോഗസ്ഥരെല്ലാം നേരിട്ട് ഇറാൻ യുദ്ധത്തിന്റെ ഭാഗമായി പരിക്കേറ്റവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വാർത്താ സമാഹരണത്തിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ വന്ന ഈ കുറവിന് കാരണം ഡാറ്റാ സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാറുകളും താൽക്കാലിക ക്രമക്കേടുകളുമാണെന്നും അത് ഉടൻ തന്നെ പരിഹരിക്കുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോയൽ വാൽഡെസ് പറഞ്ഞു.

അതേസമയം, ഏറ്റുമുട്ടലുകൾ പുനരാരംഭിച്ചതിന് പിന്നാലെ യുദ്ധ തന്ത്രങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തതിനെ തുടർന്ന് പെന്റഗൺ സുതാര്യതയില്ലായ്മയുടെ പേരിൽ കടുത്ത വിമർശനം നേരിടുകയാണ്. മെയ് മാസത്തിന്റെ തുടക്കത്തിന് ശേഷം പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വാർത്താ സമ്മേളനങ്ങളൊന്നും വിളിച്ചുചേർത്തിട്ടില്ലെന്നും, യു.എസ് സെൻട്രൽ കമാൻഡ് മാധ്യമപ്രവർത്തകർക്ക് പതിവായി നൽകിയിരുന്ന നാശനഷ്ട റിപ്പോർട്ടുകൾ നൽകുന്നത് നിർത്തിവെച്ചതായും എ.പി റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles