അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട്ട് വീണ്ടും മരണം; രോഗ ഉറവിടം തേടി അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശി ബിജു (49) ആണ് മരണത്തിന് കീഴടങ്ങിയത്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. എന്നാൽ, ബിജു അടുത്തിടെ പ്രദേശത്തിന് പുറത്തുപോവുകയോ പൊതു ജലാശയങ്ങളിൽ ഇറങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. അതിനാൽ രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രദേശത്ത് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ, തുടങ്ങിയ സൂക്ഷ്മജീവികളാണ് മനുഷ്യരിൽ ഈ മാരകമായ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. ഇതിൽ നൈഗ്ലേറിയ ഫൗളേറി ബാധിച്ചാൽ 99 ശതമാനവും അക്കാന്തമീബ മൂലമുള്ള രോഗബാധയിൽ 70 മുതൽ 90 ശതമാനം വരെയുമാണ് മരണനിരക്ക് രേഖപ്പെടുത്തുന്നത്. കഠിനമായ പനി, പെട്ടെന്നുണ്ടാകുന്ന ശക്തമായ തലവേദന, ഛർദ്ദി, കഴുത്ത് നിവർത്താനുള്ള പ്രയാസം, ബോധക്ഷയം, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles