പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്കിടെ ഇറാനെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ നയതന്ത്ര സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സമാധാന ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയില്ലെങ്കിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ വീണ്ടും പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തർക്കങ്ങളും യു.എസ് ആക്രമണങ്ങളും സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം.

ഇറാനും യു.എസും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ ട്രംപ്, എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ദിവസങ്ങൾക്ക് മുമ്പ് വരെ തുടർന്നുവന്ന കടുത്ത സൈനിക നീക്കങ്ങളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മധ്യസ്ഥ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് തൽക്കാലം ആക്രമണങ്ങൾ നിർത്തിവെച്ചതെന്നും, നയതന്ത്ര ചർച്ചകൾക്ക് അധിക സമയം നൽകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിഷിഗണിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും ഇതേ നിലപാട് ആവർത്തിച്ച ട്രംപ്, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ നാമാവശേഷമാക്കുമെന്നും ഭീഷണിപ്പെടുത്തി.

അതേസമയം, യു.എസുമായി ചർച്ചയ്ക്ക് അപേക്ഷിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ ഇറാൻ പൂർണ്ണമായും തള്ളി. യു.എസിനോട് യാതൊരു കാര്യത്തിനും അപേക്ഷിക്കുകയോ യാചിക്കുകയോ ചെയ്യുന്ന നയം തങ്ങൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി വ്യക്തമാക്കി. ഇതിനുപുറമെ, തുടങ്ങിയ യുദ്ധത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാനുള്ള വഴി കണ്ടെത്താൻ നെട്ടോട്ടമോടുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles