വാഷിംഗ്ടൺ: വേഗത്തിൽ ഒരു കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ ഇറാനെതിരെ നടത്താനിരുന്ന കടുത്ത സൈനിക ആക്രമണം റദ്ദാക്കാൻ താൻ തീരുമാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ പ്രതിജ്ഞാബദ്ധതയിൽ ഇസ്രായേലും തങ്ങളോടൊപ്പം പങ്കുചേർന്നിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൻ സൈനിക ശക്തിയും ആക്രമണവുമാണ് അമേരിക്ക ഇറാനെതിരെ നടത്താൻ ഒരുങ്ങിയിരുന്നത്. എന്നാൽ, ഒരു സമാധാന കരാറിന്റെ അടിസ്ഥാന ചട്ടക്കൂടുകൾക്ക് ധാരണയായ പശ്ചാത്തലത്തിൽ ആക്രമണത്തിൽ നിന്ന് പിന്മാറണമെന്ന് ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും അമേരിക്കയോട് അടിയന്തരമായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായി തുറന്നുകൊടുക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നിവയാണ് തയ്യാറാകുന്ന കരാറിലെ പ്രധാന നിബന്ധനകൾ. ലോകത്തിന്റെ ഭാവി നന്മയ്ക്കും, ഒപ്പം സമ്പൽസമൃദ്ധമായ ഇറാന്റെ നിലനിൽപ്പിനും വേണ്ടിയാണ് ഈ ആക്രമണം റദ്ദാക്കാൻ താൻ സമ്മതിച്ചതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. കരാറുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.



