സ്യൂട്ടയിലെ കുടിയേറ്റ പ്രതിസന്ധി: സ്‌പെയിനിനെതിരെ ഇസ്രായേൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി റിപ്പോർട്ട്

മാഡ്രിഡ്:മൊറോക്കോയിൽ നിന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ള സ്പാനിഷ് പ്രദേശമായ സ്യൂട്ടയിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കുടിയേറ്റ പ്രതിസന്ധിയിൽ ഇസ്രായേൽ നേതാക്കളും ഔദ്യോഗിക മാധ്യമങ്ങളും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി ‘മിഡിൽ ഈസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്തു. ഗാസ വിഷയത്തിലും യു.എസ്-ഇസ്രായേൽ സൈനിക നീക്കങ്ങളിലും സ്വീകരിച്ച നിലപാടുകളിൽ സ്‌പെയിനിനോടുള്ള പ്രതികാര നടപടിയായാണ് ഇസ്രായേൽ ഈ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. മൊറോക്കോയിൽ നിന്ന് 60,000-ത്തിലധികം ആളുകൾ കടൽമാർഗ്ഗം സ്യൂട്ടയിലേക്ക് കടന്നതായും 70-ഓളം പേർ മുങ്ങിമരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗാസയിലെ വംശഹത്യയെ കടുത്ത ഭാഷയിൽ അപലപിക്കുകയും ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധനീക്കങ്ങളെ ശക്തമായി എതിർക്കുകയും ചെയ്ത രാജ്യമാണ് സ്‌പെയിൻ. ഈ പശ്ചാത്തലത്തിൽ, ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായ മൊറോക്കോ വഴിയുള്ള കുടിയേറ്റ പ്രതിസന്ധിയെ കരുവാക്കി സ്പാനിഷ് സർക്കാരിനെതിരെ ഇസ്രായേൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റ പെരുപ്പം കാരണം സ്യൂട്ടയിൽ സ്‌പെയിൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനന്റെ ആരോപണം പൂർണ്ണമായും തെറ്റാണെന്നും അത്തരം അടിയന്തരാവസ്ഥയൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും മിഡിൽ ഈസ്റ്റ് ഐ വെളിപ്പെടുത്തി.

സ്യൂട്ടയിലെ അഭയാർത്ഥി പ്രതിസന്ധിക്ക് പിന്നിൽ ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്പര്യങ്ങളുണ്ടെന്ന് സ്പാനിഷ് ഭരണാധികാരികളും രാഷ്ട്രീയ നിരീക്ഷകരും ആരോപിക്കുന്നു. ഡാനി ഡാനന്റെ വിദ്വേഷകരമായ സോഷ്യൽ മീഡിയ സന്ദേശത്തിന് “കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാകാൻ തുടങ്ങിയിരിക്കുന്നു” എന്ന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്‌കാർ പ്യൂന്റെ മറുപടി നൽകി. കൂടാതെ, യൂറോപ്യൻ തീവ്ര വലതുപക്ഷത്തിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ സ്‌പെയിനിനെ ഷെംഗൻ (Schengen) മേഖലയിൽ നിന്ന് പുറത്താക്കാനും ജിബ്രാൾട്ടർ കടലിടുക്കിൽ സ്വാധീനം ഉറപ്പിച്ച് സാഞ്ചസ് സർക്കാരിനെ ദുർബലപ്പെടുത്താനുമാണ് യു.എസും ഇസ്രായേലും ശ്രമിക്കുന്നതെന്ന് സ്പാനിഷ് രാഷ്ട്രീയ നിരീക്ഷക കരോളിന അലോൺസോയും അഭിപ്രായപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles