തിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തി: ഭർത്താവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

മലപ്പുറം: പുറത്തൂരിൽ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവും മത്സ്യത്തൊഴിലാളിയുമായ ഹുസൈനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഒരു മണിയോടെ കടൽത്തീരത്ത് മീൻ അടിഞ്ഞിട്ടുണ്ടെന്നും അത് എടുത്തു കൊണ്ടുവരാമെന്നും പറഞ്ഞ് ഹുസൈൻ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിനിടെ വെള്ളിയാഴ്ച ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ വെച്ച് ‘സമർഖന്ദ്’ എന്ന മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുമ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകൾ നങ്കൂരം തട്ടിയുണ്ടായതാണെന്നും ഫൗസിയയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥിരമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുള്ള ഹുസൈൻ, സംഭവദിവസം വൈകിട്ടും ഫൗസിയയുടെ ഫോൺ എറിഞ്ഞുപൊട്ടിച്ചിരുന്നതായി പോലീസ് അറിയിച്ചു. അയൽവീടുകളിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഫൗസിയയുടെ കൊലപാതകത്തിൽ ക്രൂരമായ ആസൂത്രണം നടന്നതായാണ് പോലീസ് വിലയിരുത്തുന്നത്.

Related Articles

- Advertisement -spot_img

Latest Articles