അൽജിയേഴ്സ്: എമിറേറ്റ്സിൻറെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ “പ്രകോപനപരവും ശത്രുതാപരവുമായ” നിലപാടുകളിൽ പ്രതിഷേധിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സുമായുള്ള (യു.എ.ഇ) നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതായി അൽജീരിയ. യു.എ.ഇ സ്ഥാനപതിയെ അൽജീരിയൻ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിച്ച ഭരണകൂടം, 48 മണിക്കൂറിനകം രാജ്യം വിടാൻ നിർദ്ദേശം നൽകി. പരസ്പര ബന്ധം നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്ന് അൽജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിവിധ പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധം വഷളാക്കിയത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ അൽജീരിയ ശക്തമായി എതിർക്കുമ്പോൾ, 2020-ലെ അബ്രഹാം ഉടമ്പടിയിലൂടെ യു.എ.ഇയും അൽജീരിയയുടെ അയൽരാജ്യമായ മൊറോക്കോയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. വെസ്റ്റ് സഹാറ തർക്കത്തിൽ മൊറോക്കോയുടെ അവകാശവാദത്തെ യു.എ.ഇ പിന്തുണയ്ക്കുമ്പോൾ, അവിടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന പോളിസാറിയോ ഫ്രണ്ടിനെയാണ് അൽജീരിയ പിന്തുണയ്ക്കുന്നത്.
കൂടാതെ, സാഹെൽ മേഖലയിൽ യു.എ.ഇ സ്വാധീനം ഉറപ്പിക്കുന്നതും അൽജീരിയയെ പ്രകോപിപ്പിച്ചു. മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന “ചെറിയ രാജ്യം” എന്ന് മുൻപും അൽജീരിയൻ പ്രസിഡന്റ് അബ്ദൽമജീദ് തെബ്ബൂൺ യു.എ.ഇയെ വിശേഷിപ്പിച്ചിട്ടുണ്ട്. “അവർ എവിടെ കാലുകുത്തിയാലും ചോരപ്പുഴയാണ് ഒഴുകുന്നത്” എന്ന് കഴിഞ്ഞ ജൂലൈയിൽ നൽകിയ അഭിമുഖത്തിൽ തെബ്ബൂൺ കുറ്റപ്പെടുത്തിയിരുന്നു. അറബ് ലോകത്ത് കൂടുതൽ ഭിന്നതകൾ ഒഴിവാക്കാനാണ് ഇതുവരെ ക്ഷമിച്ചതെന്നും, യു.എ.ഇ പ്രകോപനം തുടർന്നാൽ ബന്ധം വിച്ഛേദിക്കേണ്ടി വരുമെന്നും അദ്ദേഹം അന്ന് തന്നെ സൂചന നൽകിയിരുന്നു.



