സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂർ കലക്ടറേറ്റ് സമുച്ചയത്തിൽ നിലനിന്നിരുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള മസ്ജിദ് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പ്രാദേശിക ഹിന്ദു സമൂഹം. രാഷ്ട്രീയ ലാഭത്തിനും വർഗീയ ധ്രുവീകരണത്തിനും വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമാണ് ഭരണകൂടത്തിന്റെ ഈ നടപടിയെന്ന് പ്രാദേശിക ഹിന്ദു നിവാസികൾ വ്യക്തമാക്കിയതായി വാർത്താ പോർട്ടലായ ‘ഉമ്മീദ് ഡോട്ട് കോം’ റിപ്പോർട്ട് ചെയ്യുന്നു.
ഒരേ പ്ലോട്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന മസ്ജിദും ക്ഷേത്രവും നിർമ്മിക്കാൻ മുൻപ് ഭൂമി വിട്ടുനൽകിയത് ഒരു മുസ്ലീം കുടുംബമായിരുന്നിട്ടും, മസ്ജിദ് മാത്രം അനധികൃതമാണെന്ന് ആരോപിച്ച് തകർക്കുകയും ക്ഷേത്രത്തെ ഒഴിവാക്കുകയും ചെയ്ത ഭരണകൂട നിലപാടിലെ വൈരുദ്ധ്യത്തെ പ്രദേശവാസികൾ ചോദ്യം ചെയ്യുന്നു. രാജ്യത്തെ പല കോടതി വളപ്പുകളിലും സമാനമായ രീതിയിൽ നിർമ്മിതികൾ നിലനിൽക്കുന്നുണ്ടെന്നിരിക്കെ, പള്ളിയെ മാത്രം ലക്ഷ്യമിട്ടത് പ്രദേശത്തെ സമാധാന അന്തരീക്ഷവും സാമൂഹിക സൗഹാർദ്ദവും ബോധപൂർവ്വം തകർക്കാനാണെന്ന് അവർ ആരോപിക്കുന്നു.
വിഷയത്തിൽ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അന്തിമ വിധി വരുന്നത് വരെ ഭരണകൂടം ക്ഷമ പാലിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കോടതി വിധി കാത്തുനിൽക്കാതെ തിടുക്കത്തിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കിയത് മുസ്ലീം സമുദായത്തിന്റെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അവർ പറഞ്ഞു. നിയമപരമായ പ്രക്രിയകളെയും കോടതിവിധികളെയും കാറ്റിൽപ്പറത്തി നടപ്പിലാക്കിയ ഈ ഏകപക്ഷീയമായ നീക്കം രാജ്യത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.



