റിയാദ്: പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും തകർക്കാനും ലക്ഷ്യമിട്ടുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന് കേളി കലാസാംസ്കാരിക വേദി. പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവന്നതെന്നും, നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്കു മുന്നിൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കരുത്ത് ചോർന്നുപോകരുതെന്നും ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലാണ് ഇക്കാര്യം ഉയർന്നത്. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. പാർട്ടി പ്രവർത്തനത്തിന് ഏറ്റവും ദുഷ്കരമായ കാലഘട്ടങ്ങളിലൊന്നിൽ ചടയൻ ഗോവിന്ദൻ നേരിട്ട രാഷ്ട്രീയ വേട്ടയാടലുകളും അടിച്ചമർത്തലുകളും അനുസ്മരണ പ്രസംഗങ്ങളിൽ പരാമർശിച്ചു. വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിലൂടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന ചരിത്രപാഠം ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള നടപടികളും കേരളത്തിലെ രാഷ്ട്രീയ എതിരാളികളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ലക്ഷ്യമിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിമർശനവും ഉയർന്നു. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ നേതാക്കളെ വേട്ടയാടുകയും അതുവഴി പ്രസ്ഥാനത്തെ സമ്മർദത്തിലാക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടണമെന്ന് പ്രസംഗകർ പറഞ്ഞു.
ചടയൻ ഗോവിന്ദൻ പ്രവർത്തിച്ച കാലത്തും പാർട്ടിക്കെതിരെ കടുത്ത ആക്രമണങ്ങളും വേട്ടയാടലുകളും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം ശക്തിപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. അതേ പോരാട്ടപാരമ്പര്യം ഉൾക്കൊണ്ട് ഇന്നത്തെ വെല്ലുവിളികളെയും നേരിടേണ്ടതുണ്ടെന്നും അനുസ്മരണത്തിൽ അഭിപ്രായപ്പെട്ടു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ഗഫൂർ ആനമങ്ങാട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.



