വാഷിംഗ്ടൺ: യു.എസ് തപാൽ സർവീസിന് മേൽ കർശന വോട്ടിംഗ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേകി യു.എസ് സുപ്രീം കോടതി. തപാൽ വഴിയുള്ള വോട്ടെടുപ്പ് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഉത്തരവ് തടഞ്ഞ ഫെഡറൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം നൽകിയ അടിയന്തര ഹർജി സുപ്രീം കോടതി തള്ളി. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള പരമോന്നത കോടതിയിൽ നിന്ന് ട്രംപിന് ഈ തിരിച്ചടിയുണ്ടായത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ വോട്ട് ബൈ മെയിൽ ചട്ടങ്ങൾ കർശനമാക്കിക്കൊണ്ട് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തപാൽ വകുപ്പ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്. ഇതനുസരിച്ച് സംസ്ഥാനങ്ങൾ വോട്ടർമാരുടെ പട്ടിക തപാൽ ഏജൻസിക്ക് മുൻകൂട്ടി കൈമാറണമെന്നും, ഏജൻസി അംഗീകരിച്ച പ്രത്യേക ബാലറ്റ് കവറുകൾ മാത്രം ഉപയോഗിക്കണമെന്നും നിർബന്ധമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതോ ലിസ്റ്റിൽ ഇല്ലാത്തതോ ആയ ബാലറ്റുകൾ നിരസിക്കാൻ തപാൽ വകുപ്പിന് അധികാരം നൽകുന്നതായിരുന്നു ഈ ഭേദഗതി. എന്നാൽ, ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ഇന്ദിര തൽവാനി ഉത്തരവ് തടയുകയായിരുന്നു.
വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സമർപ്പിച്ച അടിയന്തര അപ്പീലിൽ, സർക്കാരിന്റെ വാദത്തിന് നിയമപരമായ അടിത്തറയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി നിരസിച്ചത്. ജസ്റ്റിസ് സാമുവൽ അലിറ്റോ, ജസ്റ്റിസ് ക്ലാരൻസ് തോമസ് എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ, ട്രംപ് തന്നെ നാമനിർദ്ദേശം ചെയ്ത ജസ്റ്റിസ് ബ്രെറ്റ് കവനോ ഭൂരിപക്ഷ വിധിക്കൊപ്പം നിലയുറപ്പിച്ചു. തപാൽ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണ വോട്ടർമാരുടെ ജനാധിപത്യ അവകാശം നിഷേധിക്കുന്ന നടപടിയാണ് ട്രംപിന്റേതെന്ന് വിമർശകർ ആരോപിച്ചു. വോട്ട് ബൈ മെയിൽ സംവിധാനത്തിലൂടെ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ട്രംപിന്റെ ആരോപണങ്ങൾക്കിടയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.



