ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കി വീണ്ടുമൊരു അതിക്രമം. 17 വയസ്സുകാരിയെ വാഹനത്തിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖദ്ദ കോളനി നിവാസിയായ ശിവം എന്ന സുദാമ (ചുച്ചു) ആണ് കേസിൽ പിടിയിലായ പ്രധാന പ്രതി. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ 16-ഉം 17-ഉം വയസ്സുള്ളവരാണ്.
ഈ മാസം 13-നാണ് മധ്യ ഡൽഹിയിലെ കുഷക് റോഡിലുള്ള കൃഷിയിടത്തിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കൾ കടിച്ചുകീറി വികൃതമാക്കിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ ഒരു കൈ വേർപെട്ട അവസ്ഥയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയതിനാൽ പ്രാഥമിക ഘട്ടത്തിൽ ലിംഗനിർണയം പോലും സാധ്യമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവർ ഒരു ടെമ്പോയിൽ ഒന്നിച്ചു യാത്ര ചെയ്യുകയും അതിനുള്ളിൽ വെച്ച് മദ്യപിക്കുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുറസ്സായ സ്ഥലത്ത് തള്ളുകയുമായിരുന്നു. പെൺകുട്ടി വീട്ടിൽ നിന്ന് ദിവസങ്ങളോളം വിട്ടുനിൽക്കുന്നത് പതിവായതിനാൽ കുടുംബം കാണാനില്ലെന്ന് കാണിച്ച് പരാതിയൊന്നും നൽകിയിരുന്നില്ല.
സംഭവ സ്ഥലത്ത് ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ പരിസരങ്ങളിലെ 50-ലധികം സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പരിശോധനയിൽ നിർണായക സമയത്ത് പ്രദേശത്തുകൂടി കടന്നുപോയ സംശയാസ്പദമായ ഒരു ടെമ്പോ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തുകയും തുടർ ചോദ്യം ചെയ്യലിൽ പ്രതികളിലേക്ക് എത്തുപ്പെടുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കൊലപാതകത്തിന് ഉപയോഗിച്ച കട്ടറുകളും പ്രതികളുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



