ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണവും പീഡനശ്രമവും; 3 പേർ പിടിയിൽ

പട്‌ന: ബിഹാറിലെ ജാമുയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം തടഞ്ഞുവെച്ച് ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

ജാമുയി നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ഈ ക്രൂരതയുണ്ടായത്. കോച്ചിങ് ക്ലാസ് കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ ജാമുയി-ലഖിസരായ് റോഡിൽ വെച്ച് ഒരു കൂട്ടം ആളുകൾ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ഭയന്നുവിറച്ച പെൺകുട്ടിയെ ആളുകൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ സംഭവം വലിയ ജനരോഷത്തിന് വഴിവെച്ചു.

വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജാമുയി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles