പാട്ടക്കാലാവധി കഴിഞ്ഞിട്ടും നടപടിയില്ല; പ്ലാന്റേഷൻ കോർപറേഷന്റെ 11,400 ഹെക്ടർ വനഭൂമി തിരിച്ചുപിടിക്കാതെ വനം വകുപ്പ്

ഇടുക്കി: പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയ്ക്ക് കൈമാറിയ ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയുടെ പാട്ടക്കാലാവധി പൂർത്തിയായിട്ടും ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതെ വനം വകുപ്പ്. പാട്ടത്തിന് നൽകിയ ആകെ 11,400 ഹെക്ടർ വനഭൂമിയുടെ കാലാവധിയാണ് അവസാനിച്ചത്. പ്രമുഖ എസ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിന്റെയും പാട്ടക്കാലാവധി വർഷങ്ങൾക്ക് മുമ്പേ അവസാനിച്ചിട്ടും ഭൂമി വനം വകുപ്പ് ഏറ്റെടുക്കുകയോ പുതിയ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കോട്ടയത്ത് നടന്ന പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയുടെ 61-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിൽ ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം പ്രധാന എസ്റ്റേറ്റുകളായ കൊട്ടമൺ, ചന്ദനപ്പള്ളി (പത്തനംതിട്ട – 2,869.89 ഹെക്ടർ), പേരാമ്പ്ര (കോഴിക്കോട് – 1,230.53 ഹെക്ടർ), കല്ലാല, അതിരപ്പള്ളി (എറണാകുളം, തൃശൂർ – 4,056.50 ഹെക്ടർ) എന്നിവയുടെ പാട്ടക്കാലാവധി 2021-ൽ തന്നെ അവസാനിച്ചതാണ്. കാസർകോട്ടെ രാജപുരം എസ്റ്റേറ്റിന്റെ (1,522.91 ഹെക്ടർ) കാലാവധി 2006-ൽ തന്നെ പൂർത്തിയായിരുന്നു. ഇതിനുപുറമേ 1973-ലെ ഉത്തരവ് പ്രകാരം കൈമാറിയ പത്തനംതിട്ട തണ്ണിത്തോടിലെ 699.35 ഹെക്ടറും, വിവിധ വനം വകുപ്പ് ഉത്തരവുകൾ വഴി നൽകിയ മലപ്പുറം നിലമ്പൂരിലെ 554.938 ഹെക്ടറും പാലക്കാട് മണ്ണാർക്കാട്ടെ 545.85 ഹെക്ടറും അടക്കമുള്ള ഭൂമിയുടെ പാട്ടക്കാലാവധിയാണ് തരിശായി കിടക്കുന്നത്.

റബർ, എണ്ണപ്പന, കശുമാവ് തുടങ്ങിയ ഏകവിള തോട്ടങ്ങളായ ഇവയിൽ റബർ കൃഷി ചെയ്യുന്നത് വന സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. വനഭൂമിയിൽ റബർ കൃഷി നടത്തുന്ന സ്വകാര്യ തോട്ടങ്ങൾക്കെതിരെ പാട്ടക്കരാർ ലംഘനത്തിന് കേസെടുക്കുന്ന വനം വകുപ്പ്, പ്ലാന്റേഷൻ കോർപറേഷന്റെ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന ആരോപണമുണ്ട്. കൂടാതെ പാട്ടക്കുടിശ്ശികയായി കോടികൾ കോർപറേഷനിൽ നിന്ന് ഈടാക്കാനുണ്ടായിട്ടും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വകുപ്പ് വൻ വീഴ്ച വരുത്തി. വനഭൂമി തിരിച്ചുപിടിക്കുകയോ കരാറുകൾ നിയമാനുസൃതം പുതുക്കുകയോ ചെയ്യാത്തത് വന്യജീവി സങ്കേതങ്ങൾക്കും കാടിന്റെ ആവാസവ്യവസ്ഥയ്ക്കും വൻ ഭീഷണിയാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യമുയരുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles