പശ്ചിമേഷ്യയിൽ നിന്ന് പൂർണ്ണമായും പിന്മാറണം; അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത നിലപാടുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിൽ നിന്നുള്ള തങ്ങളുടെ കുറ്റകരമായ സാന്നിധ്യം അവസാനിപ്പിക്കാനും പൂർണ്ണമായും പിന്മാറാനും അമേരിക്കയും ഇസ്രായേലും തയ്യാറാകണമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മേഖലയിലെ യു.എസ്, ഇസ്രായേൽ നയങ്ങൾ കനത്ത പരാജയമാണെന്ന് അവർക്ക് ഒടുവിൽ സമ്മതിക്കേണ്ടി വരുമെന്നും, തങ്ങളുടെ സാന്നിധ്യമില്ലാത്ത പശ്ചിമേഷ്യയുടെ സ്വാതന്ത്ര്യം ഇരുരാജ്യങ്ങളും അംഗീകരിക്കണമെന്നും ഐ.ആർ.ജി.സി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇറാന്റെ ദേശീയ പ്രതിരോധ വാരത്തോടനുബന്ധിച്ച് ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിലാണ് സേന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും മേഖലയിലെ വ്യാജ അധീശത്വം തകർക്കാൻ ഇറാന്റെ പ്രതിരോധ നടപടികൾക്ക് സാധിച്ചിട്ടുണ്ടെന്ന് ഐ.ആർ.ജി.സി അവകാശപ്പെട്ടു. മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ തിരുത്തിയെഴുതപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.

മേഖലയിൽ യുദ്ധവും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇറാന്റെ സൈനിക വിഭാഗത്തിൽ നിന്ന് ഇത്രയും കടുത്ത മുന്നറിയിപ്പ് പുറത്തുവരുന്നത്. സൈനികപരമായ ഭീഷണികൾക്ക് വഴങ്ങില്ലെന്നും പശ്ചിമേഷ്യയിൽ നിന്ന് വിദേശ ശക്തികൾ പൂർണ്ണമായി ഒഴിയണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രസ്താവനയിലൂടെ തെഹ്റാൻ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles