ജിദ്ദ: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.എഫ് നാഷണൽ കമ്മിറ്റിയുടെ നിർദേശ പ്രകാരം രാജ്യവ്യാപകമായി നടന്നു വരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജിദ്ദയിലും രക്തദാന പരിപാടി സംഘടിപ്പിച്ചത്.
കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, സൗദി നാഷണൽ ഗാർഡ് ഹോസ്പിറ്റൽ എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. പ്രവാസി സമൂഹത്തിൽ നിന്നും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധിയാളുകൾ മാതൃകാപരമായ ഈ സംരംഭത്തിൽ പങ്കാളികളായി രക്തം ദാനം ചെയ്തു. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുകയെന്നതോടൊപ്പം, അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ ഔഷധമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സൗദി ദേശീയ ദിനം മുന്നോട്ടു വെക്കുന്ന മാനവികതാബോധവും പരസ്പര സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു സന്നദ്ധ രക്തദാന ക്യാമ്പ്. ക്യാമ്പിന്റെ വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച നാഷണൽ ഗാർഡ് ഹോസ്പിറ്റൽ അധികൃതർക്കും, ജീവൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ രക്തദാനത്തിനെത്തിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഐ.സി.എഫ് ജിദ്ദ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു.
ബഷീർ മാസ്റ്റർ പറവൂർ, യഹ്‌യ ഖലീൽ നൂറാനി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബു മിസ്ബാഹ് ഐക്കരപ്പടി, യാസർ എ.ആർ നഗർ, ഹനീഫ ബെർക, ഇബ്രാഹിം മുസ്‌ലിയാർ കോതമംഗലം തുടങ്ങിയ പ്രമുഖ നേതാക്കൾ ക്യാമ്പിന്റെ വിജയകരമായ സംഘാടനത്തിന് നേതൃത്വം നൽകി.



