വെസ്റ്റ് ബാങ്കിലെ ക്രൂരതയും അമേരിക്കക്കാരുടെ കൊലപാതകവും: ഇസ്രായേലിനെതിരെയുള്ള അന്വേഷണ പ്രമേയം യു.എസ് സെനറ്റ് തള്ളി

വാഷിങ്ടൺ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും ചേർന്ന് ഒമ്പത് അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഫലസ്തീനി കുട്ടികളോട് കാട്ടുന്ന ക്രൂരതകളിലും റിപ്പോർട്ട് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് സെനറ്റ് തള്ളി. ട്രംപ് ഭരണകൂടത്തോട് അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള പ്രമേയം 47-നെതിരെ 53 വോട്ടുകൾക്കാണ് സെനറ്റിൽ പരാജയപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടി അംഗമായ സെനറ്റർ ക്രിസ് വാൻ ഹൊളൻ കൊണ്ടുവന്ന പ്രമേയത്തെ ഡെമോക്രാറ്റുകൾ ഭൂരിഭാഗവും പിന്തുണച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഒന്നടങ്കം എതിർത്തു വോട്ട് ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിന് മുന്നിൽ ഉത്തരവാദിത്തമില്ലായ്മയാണെന്നും യു.എസ് സർക്കാരിന് നീതി ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നും വാൻ ഹൊളൻ കുറ്റപ്പെടുത്തി.

1961-ലെ ഫോറിൻ അസിസ്റ്റൻസ് ആക്ട് ഉപയോഗിച്ചാണ് വാൻ ഹൊളൻ പ്രമേയം വോട്ടിനിട്ടത്. യു.എസ് സുരക്ഷാ സഹായം കൈപ്പറ്റുന്ന രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് റിപ്പോർട്ട് തേടാൻ ജനപ്രതിനിധികൾക്ക് അധികാരം നൽകുന്നതാണ് ഈ നിയമം. 2022 ജനുവരി മുതൽ അൽ ജസീറ മാധ്യമപ്രവർത്തക ഷിറിൻ അബു ആക്‌ലെ, അയ്സനൂർ എസ്ഗി എയ്ഗി, സയ്ഫുള്ള കാമിൽ മുസല്ലത്ത്, 14-കാരനായ ആമർ മുഹമ്മദ് സഅദ റബീഅ തുടങ്ങി ഇസ്രായേൽ സൈന്യത്തിന്റെയോ കുടിയേറ്റക്കാരുടെയോ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഒമ്പത് അമേരിക്കൻ പൗരന്മാരുടെ കൊലപാതകത്തിൽ അന്വേഷണം വേണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്.

കൂടാതെ, ഇസ്രായേൽ തടവറകളിൽ കഴിയുന്ന ഫലസ്തീനി പൗരന്മാരുടെയും കുട്ടികളുടെയും അവസ്ഥയും പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇസ്രായേൽ ഒമ്പത് മാസത്തോളം തടങ്കലിൽ വെച്ച ഫ്ലോറിഡയിൽ നിന്നുള്ള 16-കാരൻ മുഹമ്മദ് ഇബ്രാഹിം, ഇസ്രായേൽ തടവിൽ നേരിട്ട ശാരീരിക പീഡനങ്ങൾ കാരണം ശരീരഭാരത്തിന്റെ നാലിലൊന്ന് കുറയുകയും ചൊറിചിരങ്ങ് ബാധിക്കുകയും ചെയ്ത കാര്യം യു.എസ് എംബസി അധികൃതർ സ്ഥിരീകരിച്ചിരുന്നു. 2023 ഒക്ടോബർ 7-ന് ശേഷം ഇസ്രായേൽ മിലിട്ടറി ക്യാമ്പുകളിൽ 44 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ലൈംഗികാതിക്രമങ്ങളും ഭീഷണികളും അടക്കം വ്യാപക പീഡനങ്ങൾ നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടും പ്രമേയം തള്ളുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles