‘ഖൽബിലുണ്ട് എന്റെ നബി’: ഐ.സി.എഫ് ജിസാൻ റീജിയൻ മീലാദ് കാമ്പയിന് പ്രൗഢോജ്വല സമാപനം

ജിസാൻ: ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന ശീർഷകത്തിൽ ഒരു മാസക്കാലമായി ഐ.സി.എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ചു വന്ന മീലാദ് കാമ്പയിന് പ്രൗഢോജ്വല സമാപനം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ സ്നേഹ സംഗമം, പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ പി. സുരേന്ദ്രന്റെ പ്രവാചക സന്ദേശങ്ങളെക്കുറിച്ചുള്ള വിചാരങ്ങൾ പങ്കുവെക്കുന്ന ‘ആർദ്രമായ് സ്നേഹമായ്’ എന്ന പുസ്തക വിതരണം, സ്നേഹസൗഹാർദ്ദങ്ങൾ പങ്കിട്ട ‘ഹാർട്ട് ടു ഹാർട്ട്’, പ്രവാചക സന്ദേശങ്ങൾ പ്രചരിപ്പിച്ച ‘ദി മെസ്സേജ്’, മദ്രസ വിദ്യാർത്ഥികളുടെയും പ്രവർത്തകരുടെയും കലാപരിപാടികൾ ഉൾപ്പെടുത്തിയ ‘മീലാദ് ഹെറിറ്റേജ്’, പ്രവാചക ജീവിതപാഠങ്ങളും പ്രകീർത്തനങ്ങളും പങ്കുവെച്ച ‘മിഡ് നൈറ്റ് ബ്ലൂ’, വനിതകൾക്കായി നടത്തിയ ‘ലൗ ലൈഫ്, നോ ഡ്രഗ്സ്’ ലഹരി വിരുദ്ധ പ്രതിജ്ഞയും ഡൈലി ക്വിസും ഉൾപ്പെടെ നിരവധി വ്യത്യസ്ത പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി നടന്നു വന്നത്.

ഒരു മാസം നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ജിസാൻ നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെയാണ് സമാപനമായത്. റീജിയൻ പ്രസിഡന്റ് താഹ കിണാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സംഗമം അബ്ദുള്ള സുഹ്‌രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്തഫ സഅദി ക്ലാരി മീലാദ് സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം മുഹമ്മദ് ബിൻ സ്വാലിഹ്, അനസ് ജൗഹരി, അബ്ദുൽ മജീദ് മുസ്‌‌ലിയാർ, റഫീഖ് ഓമച്ചപ്പുഴ, മൻസൂർ കിനാലൂർ, നൗഫൽ മമ്പാട്, ഹാരിസ് പട്ള എന്നിവർ നിർവ്വഹിച്ചു. ചടങ്ങിൽ സത്താർ പെടേന സ്വാഗതവും രഹ്‌നാസ് കുറ്റിയാടി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles