സംഭാൽ ഷാഹി മസ്ജിദ് വിഷയം: യു.പി സർക്കാരിന് സുപ്രീം കോടതിയുടെ കനത്ത തിരിച്ചടി; 10 ലക്ഷം രൂപ പിഴ ചുമത്തി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാൽ ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട സംഘർഷ കേസിൽ പ്രതിയായ മുല്ല അഫ്രോസിനെ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി അന്യായമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ കനത്ത പ്രഹരം. കേസിൽ യു.പി സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ട് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. മുൻകരുതൽ തടങ്കൽ നടപടികൾ ഒരിക്കലും ഒരു വ്യക്തിയെ ശിക്ഷിക്കാനുള്ള ഉപാധിയായി മാറരുതെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയിലിരിക്കെ പീഡനങ്ങളിലൂടെയും ഭീഷണിയിലൂടെയും രേഖപ്പെടുത്തിയ വാങ്മൂലങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതിക്ക് കസ്റ്റഡിയിൽ ക്രൂരമായ ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന കാര്യം സർക്കാർ നിഷേധിച്ചിട്ടില്ലെന്നും അതിനാൽ ഇത്തരത്തിലുള്ള മൊഴികൾ സ്വമേധയാ നൽകിയതാണെന്ന് കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മുല്ല അഫ്രോസിന്റെ എൻ.എസ്.എ തടങ്കൽ ശരിവെച്ച അലഹബാദ് ഹൈകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക നടപടി.

നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചതിലൂടെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയായി മാറിയെന്ന് വിമർശിച്ച കോടതി, ഒരു മാസത്തിനകം 10 ലക്ഷം രൂപ പിഴത്തുക ഹരജിക്കാരനായ മുല്ല അഫ്രോസിന് യു.പി സർക്കാർ കൈമാറണമെന്ന് നിർദ്ദേശിച്ചു. സംഭാൽ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് 2024 നവംബറിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ പ്രമുഖരിൽ ഒരാളാണ് മുല്ല അഫ്രോസ്.

Related Articles

- Advertisement -spot_img

Latest Articles