തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: കാമുകന്റെ ഭാര്യ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ അഞ്ച് തമിഴ്‌നാട് സ്വദേശികളെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിനിയായ യുവതിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ദേവി (27), നീലഗിരി സ്വദേശി തോമസ് പ്രിയദർശൻ ദേവ (27), ദിണ്ടിഗൽ സ്വദേശി രഘുപതി രാജ (20), കരൂർ സ്വദേശി ശങ്കർ (20), കടവൂർ സ്വദേശി ബൽരാജ് (31) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബർ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സ്വദേശിയായ വിവാഹിതനുമായി പ്രണയത്തിലായിരുന്ന യുവതി ഇയാളോടൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഇരുവരുടെയും ബന്ധത്തെ എതിർത്തിരുന്ന യുവാവിന്റെ ഭാര്യ ദേവി, സുഹൃത്തായ തോമസിന്റെ സഹായത്തോടെ ക്വട്ടേഷൻ നൽകി രണ്ട് കാറുകളിലായി ആറംഗ സംഘത്തോടൊപ്പം തൃശൂരിലെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുറിയിൽ കടന്നുകൂടിയ സംഘം ഇരുവരെയും മർദ്ദിച്ച ശേഷം ബലമായി കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കടത്തിക്കൊണ്ടുപോയി.

തിരുപ്പൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച ശേഷവും ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് വെവ്വേറെ കാറുകളിൽ മാറ്റുകയുമായിരുന്നു. ഇതിൽ തോമസും രഘുപതിയും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പ്രതികളുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷ്, വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിലെ പ്രധാന പ്രതിയായ തോമസിനെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുനിന്നും മറ്റ് പ്രതികളെ തിരുപ്പൂർ, കോയമ്പത്തൂർ, പളനി എന്നിവിടങ്ങളിൽ നിന്നും പിടികൂടിയത്.

Related Articles

- Advertisement -spot_img

Latest Articles