ഇറാഖിൽ നിന്നുള്ള യു.എസ് സേനാ പിന്മാറ്റം ‘ചരിത്രപരമായ വിജയം’; അമേരിക്ക പശ്ചിമേഷ്യ വിടണമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാഖിൽ നിന്നുള്ള യു.എസ് സൈന്യത്തിന്റെ പിന്മാറ്റത്തെ ‘ചരിത്രപരമായ വിജയം’ എന്ന് വിശേഷിപ്പിച്ച് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). പശ്ചിമേഷ്യൻ മേഖലയിലാകമാനമുള്ള അമേരിക്കൻ സൈനിക സാന്നിധ്യം അസ്ഥിരതയ്ക്ക് കാരണമാകുന്നുണ്ടെന്നും യു.എസ് സൈന്യം മുഴുവനായും ഈ മേഖല വിട്ടുപോകണമെന്നും ഐ.ആർ.ജി.സി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ (ISNA) പുറത്തുവിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അമേരിക്കൻ സേന മേഖല വിടണമെന്നും സുരക്ഷാ ചുമതലകൾ അതത് രാജ്യങ്ങൾ തന്നെ ഏറ്റെടുക്കണമെന്നും ഐ.ആർ.ജി.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രണ്ട് പതിറ്റാണ്ടുകാലത്തെ വിദേശ അധിനിവേശം മേഖലയിൽ സുരക്ഷ കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, പശ്ചിമേഷ്യയിൽ ഭീകരവാദത്തിനും അസ്ഥിരതയ്ക്കും പ്രധാന കാരണമായി മാറുകയാണ് ചെയ്തതെന്ന് അനുഭവം വ്യക്തമാക്കുന്നതായി ഇറാൻ സേന കുറ്റപ്പെടുത്തി.ഇറാഖിലെ സൈനിക ഇടപെടലും അധിനിവേശവും മൂലമുണ്ടായ കനത്ത ജീവഹാനിയും സാമ്പത്തിക നഷ്ടവും അമേരിക്ക തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വാഷിംഗ്ടണിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ അയ്യായിരത്തോളം സൈനികരുടെ ജീവനും നാല് ട്രില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടവും സഹിച്ച ശേഷം, ഇറാഖി ജനതയുടെ കടുത്ത വെറുപ്പും പ്രതിഷേധവും ഏറ്റുവാങ്ങിയാണ് യു.എസ് സൈന്യം നാണംകെട്ട് മടങ്ങുന്നതെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles