തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച പരസ്പരവിരുദ്ധമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള മുസ്‌ലിം ജമാഅത്ത്. പ്രോസിക്യൂട്ടറെ നിയമിച്ചതായി നേരത്തെ ഹൈക്കോടതിയെ അറിയിച്ച സർക്കാർ, പിന്നീട് ആ ഉത്തരവ് റദ്ദാക്കി പ്രത്യേക പ്രോസിക്യൂട്ടറുടെ ആവശ്യമേയില്ലെന്ന് വ്യക്തമാക്കിയത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് സ സംഘടന ആരോപിച്ചു.
കേസിൽ നീതിയുക്തവും സുതാര്യവുമായ വിചാരണ ഉറപ്പാക്കാൻ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത് കെ.എം. ബഷീറിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ആവശ്യമായിരുന്നു. തുടക്കത്തിൽ ഈ ആവശ്യം അംഗീകരിച്ച സർക്കാർ, പിന്നീട് പെട്ടെന്ന് നിലപാട് മാറ്റി മുൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. സർക്കാരിന്റെ ഇത്തരം ഇരട്ടത്താപ്പും നിഷേധാത്മക സമീപനവും വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രത്യേക പ്രോസിക്യൂട്ടറെ ഒഴിവാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബഷീറിന്റെ കുടുംബത്തിന്റെ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച കേരള മുസ്‌ലിം ജമാഅത്ത്, കേസിൽ അർഹമായ നീതി ഉറപ്പാക്കുന്നത് വരെ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പ്രതിസ്ഥാനത്തുള്ള ഉന്നത ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സംഘടന പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.



