ദളിത് യുവതിക്ക് പ്രസവചികിത്സ നിഷേധിച്ചു; റോഡരികിൽ പ്രസവിച്ചു; കടുത്ത പ്രതിഷേധം, ഡോക്ടറെ പിരിച്ചുവിട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ കടുത്ത ജാതി വിവേചനത്തെത്തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഇരുപതുകാരിയായ ദളിത് യുവതി റോഡരികിൽ പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. കടുത്ത പ്രസവവേദനയുമായി എത്തിയ യുവതിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ജീവനക്കാരും ഗുരുതരമായ അനാസ്ഥ കാണിക്കുകയും ജാതി അധിക്ഷേപം നടത്തുകയുമായിരുന്നുവെന്ന് കുടുംബം പരാതിപ്പെടുന്നു.

വളരെ പിന്നാക്ക വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടവളാണെന്ന് മനസ്സിലാക്കിയതോടെ ജീവനക്കാർ ചികിത്സ നൽകാൻ വിസമ്മതിക്കുകയും ആശുപത്രി ഗേറ്റിൽ നിൽക്കാൻ പോലും അനുവദിക്കാതെ അപമാനിച്ചു പുറത്താക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ വന്നതോടെ യുവതി ആശുപത്രിക്ക് പുറത്തെ റോഡരികിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വഴിയാത്രക്കാരും നാട്ടുകാരും ചേർന്നാണ് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക സഹായങ്ങൾ നൽകിയത്. സംഭവം നാട്ടിൽ വലിയ ജനരോഷത്തിനും പ്രതിഷേധത്തിനും വഴിവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ഉറപ്പാക്കി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സർവീസിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തു. കൂടാതെ സംഭവത്തിൽ കർശനമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജീവൻ രക്ഷിക്കേണ്ട സർക്കാർ കേന്ദ്രങ്ങളിൽ പോലും ദളിത്-പിന്നാക്ക വിഭാഗങ്ങൾക്കെതിരെ ഇത്തരം ക്രൂരമായ ജാതിവിവേചനം നടക്കുന്നത് അങ്ങേയറ്റത്തെ വീഴ്ചയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളും സാമൂഹിക സംഘടനകളും ശക്തമായി അപലപിച്ചു. കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.

 

 

Related Articles

- Advertisement -spot_img

Latest Articles