തിരുവനന്തപുരം: കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന വിജിലൻസ് അന്വേഷണത്തിന്റെ ഫയലുകൾ വിളിപ്പിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്. മുൻപ് നടന്ന വിജിലൻസ് അന്വേഷണത്തിൽ തുടരന്വേഷണത്തിനുള്ള സാധ്യതകൾ ആരായുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പ് ഈ നിർണായക ഡയറക്റ്റീവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് (PWD) സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് നടന്ന കെ.എസ്.ടി.പി (KSTP) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് മുമ്പ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്. പദ്ധതിയുടെ കരാർ ഏറ്റെടുത്ത കമ്പനിയിലെ മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും ഇതിന്റെ ഭാഗമായിരുന്നു.
അന്ന് പ്രാഥമിക പരിശോധനകൾക്ക് ശേഷം ക്രൈംബ്രാഞ്ചും വിജിലൻസും കേസിൽ തുടർനടപടികൾ ഒഴിവാക്കി ഫയലുകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ പഴയ കേസ് ഫയലുകൾ പുനഃപരിശോധിക്കാനും അന്വേഷണ വിവരങ്ങൾ വീണ്ടും വിശകലനം ചെയ്യാനും സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചതോടെയാണ് സംഭവം വീണ്ടും വാർത്താപ്രാധാന്യം നേടുന്നത്.



