ഇന്ത്യാ മുന്നണിയുടെ പ്രക്ഷോഭം കടുക്കുന്നു: ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യാ’ മുന്നണി നടത്തുന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വർദ്ധിപ്പിച്ചു. സി.ഇ.സിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിപക്ഷ എം.പിമാരും പ്രവർത്തകരും വൻ പ്രതിഷേധമാർച്ചുകൾ തുടരുന്നതിനിടെയാണ് മുൻകരുതൽ നടപടിയായി സുരക്ഷാ സംവിധാനങ്ങൾ കടുപ്പിച്ചത്.

ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക വസതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിനും ചുറ്റും കൂടുതൽ കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ കമ്മീഷൻ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറുന്നത് തടയാൻ ഡൽഹി പോലീസും സുരക്ഷാ സേനയും മേഖലയിൽ ബാരിക്കേഡുകൾ ഉയർത്തി കനത്ത പ്രതിരോധം തീർത്തു. വോട്ടർപട്ടികയിലെ നിയമവിരുദ്ധ വെട്ടിമാറ്റലുകൾക്കും സുതാര്യതയില്ലായ്മയ്ക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ.

Related Articles

- Advertisement -spot_img

Latest Articles