ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ സമരത്തിനിടയിൽ പ്രതിഷേധക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായിരുന്ന രവീന്ദർ ഗോവിന്ദയെ ഹിന്ദുരക്ഷാദൾ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. സംഭവത്തിൽ ഗോവിന്ദയടക്കം നാല് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ചൊവ്വാഴ്ച ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെയാണ് ഹിന്ദുരക്ഷാദൾ പ്രവർത്തകർ ഇവർക്ക് സ്വീകരണം നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സി.ജെ.പി റാലിക്കിടെ പ്രതികൾ പെൺകുട്ടികളെയടക്കം മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നായിരുന്നു പൊലീസ് കർശന നടപടി സ്വീകരിച്ചത്.
തങ്ങൾക്ക് രാഷ്ട്രീയത്തിൽ യാതൊരു താത്പര്യവുമില്ലെന്നും ആരെങ്കിലും സനാതന ധർമ്മത്തെ ലക്ഷ്യമിട്ടാൽ അവരെ നേരിടുമെന്നും വ്യക്തമാക്കി ഹിന്ദുരക്ഷാദൾ നേതാവ് പിങ്കി ചൗധരി രംഗത്തെത്തി. സനാതന ധർമ്മത്തിന് വേണ്ടി പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്ന പോരാളികളാണ് ഇവരെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജയിലിൽ നിന്ന് പുറത്തുവന്നവരെ സ്വീകരിക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ ജന്തർ മന്തറിൽ നേരിട്ടത് പോലെ ഇനിയും പ്രതിരോധിക്കുമെന്നും ഹിന്ദുരക്ഷാദൾ പോരാളികൾ സദാ സജ്ജരാണെന്നും ചൗധരി സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു. ഡൽഹിയിൽ വിവിധ ഭാഗങ്ങളിലായി സമരക്കാർക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അറസ്റ്റിലായ പ്രതികളെ സംഘടന പരസ്യമായി സ്വീകരിച്ചിരിക്കുന്നത്.



