ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് കിഴക്കൻ മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണക്കപ്പലിന് മൈനിൽ തട്ടി തീപിടിച്ചതായി ഇറാന്റെ നാവികസേന അറിയിച്ചു. ട്രാക്കിംഗ് സംവിധാനങ്ങൾ (Location Tracking Systems) പൂർണ്ണമായും ഓഫാക്കിയ നിലയിലാണ് കപ്പൽ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ വെളിപ്പെടുത്തി.
സുരക്ഷാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മറികടന്ന് സുരക്ഷിതമല്ലാത്ത പ്രവേശനം നിരോധിച്ച ജലപാതയിലൂടെ നീങ്ങാൻ ശ്രമിച്ചതോടെയാണ് കപ്പൽ നാവിക മൈനിൽ (Naval Mine) ഇടിച്ചതെന്ന് ഇറാൻ നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടാവുകയായിരുന്നു. പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷങ്ങൾ രൂക്ഷമായി തുടരുകയും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ അപകടം ഉണ്ടായിരിക്കുന്നത്.
വൻതോതിലുള്ള എണ്ണക്കപ്പൽ ഗതാഗതം നടക്കുന്ന ഈ മേഖലയിലെ അന്താരാഷ്ട്ര സമുദ്ര പാതയിൽ കപ്പലിന് തീപിടിച്ചതോടെ ഈ വഴിയിലുള്ള സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.



