റിയാദ്: മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ ഉൾപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ തെഹ്റാനിൽ നിർണായക ചർച്ചകൾ നടക്കും. തിങ്കളാഴ്ച നടക്കുന്ന ചർച്ചകളിൽ സൗദി അറേബ്യയുടെ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പബ്ലിക് ഡിപ്ലോമസി അണ്ടർ സെക്രട്ടറി ഡോ. റായിദ് ഖർമാലി അറിയിച്ചു.
മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ‘മക്ക കരാർ’ രാജ്യങ്ങൾക്കുള്ള നിർണായക പങ്കിനെ എടുത്തു കാണിക്കുന്നതാണ് ഈ കൂടിക്കാഴ്ച. നിലവിലെ പ്രതിസന്ധിയിൽ ഉൾപ്പെട്ട കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകാനുമാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഖർമാലി വിശദീകരിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത സൗദിയും പങ്കാളിത്ത രാജ്യങ്ങളും ആവർത്തിച്ചു.
ഉന്നതതല ചർച്ചയിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ച് കരസേനാ മേധാവി ജനറൽ ആസിം മുനീറും തുർക്കിയെ പ്രതിനിധീകരിച്ച് ഇന്റലിജൻസ് സർവീസ് മേധാവി ഇബ്രാഹിം കാലിനും പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന പ്രതിനിധി സംഘങ്ങൾ പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ഇറാനിയൻ കൗൺസിലുമായി ചർച്ച നടത്തുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഗേരി കാനിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.



