തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെയും കുടുംബങ്ങളുടെയും സുരക്ഷയും അടിയന്തര സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ വ്യാപക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. സഭയിൽ വിഷയം സംബന്ധിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹൂതി ആക്രമണങ്ങളും ഇറാൻ-അമേരിക്കൻ യുദ്ധ പശ്ചാത്തലവും മൂലം ഉടലെടുത്ത അരക്ഷിതാവസ്ഥ പരിഹരിക്കാൻ വിവിധതലത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ പ്രവാസികൾക്കായി നോർക്കയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. വിമാന സർവീസുകൾ, യാത്രാ തടസ്സങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും വെബ്സൈറ്റുകളും പിന്തുടരാൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളുമായി നോർക്ക ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
വിമാന സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ടൂറിസ്റ്റ്, സന്ദർശക, ഉംറ, ബിസിനസ് വിസക്കാർക്ക് പിഴയില്ലാതെ രാജ്യം വിടാൻ സൗദി അധികൃതർ സൗകര്യമൊരുക്കിയത് സംസ്ഥാന സർക്കാരിന്റെ കൂടി ഇടപെടൽ മൂലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാന ലഭ്യത കുറവുള്ള സാഹചര്യത്തിൽ ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രാസാധ്യതകളും ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹിയിലെ കേരളത്തിന്റെ ഔദ്യോഗിക സംവിധാനവും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം സമ്പർക്കത്തിലാണ്. ജനപ്രതിനിധികൾ വഴി എത്തുന്ന പ്രവാസികളുടെ ഏത് പരാതിയും നോർക്ക വഴി അടിയന്തരമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകി.



