അമിത് ഷാക്കെതിരായ അപകീർത്തിക്കേസ്: വിധി കേൾക്കാൻ രാഹുൽ ഗാന്ധി സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രത്യേക എം.പി-എം.എൽ.എ കോടതി തിങ്കളാഴ്ച (ഒക്ടോബർ 26) വിധി പുറപ്പെടുവിക്കും. വിധിപറയുന്ന സമയത്ത് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരാകും. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തെ നിർദേശിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ വ്യക്തമാക്കി.

2018-ൽ കർണാടകയിലെ ബംഗളൂരുവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷാക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്നതാണ് കേസ്. ഇതിനെ തുടർന്ന് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരിയിൽ വിചാരണ നടപടികൾക്കായി സുൽത്താൻപൂർ കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു.

ഇരുഭാഗത്തിന്റെയും അന്തിമ വാദം കേൾക്കൽ പൂർത്തിയായതിനെ തുടർന്ന് ഒക്ടോബർ 13-നാണ് കേസിൽ വിധി പറയാനായി കോടതി ഒക്ടോബർ 26 തീയതി നിശ്ചയിച്ചത്. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ ബി.ജെ.പി വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.

Related Articles

- Advertisement -spot_img

Latest Articles