ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ മഹാറാലിക്ക് ഡൽഹി പോലീസ് അനുമതി നൽകി. ഒക്ടോബർ 17-ന് നൽകിയ എൻ.ഒ.സി (NOC) റദ്ദാക്കിയിട്ടില്ലെന്നും അത് ഇപ്പോഴും നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. റാലിക്ക് പോലീസ് വേദി നിഷേധിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് ഡൽഹി പോലീസിന്റെ ഈ വിശദീകരണം.
തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്. ബി.ജെ.പിക്കെതിരായ വോട്ട് ചോർച്ച ആരോപണങ്ങളും എസ്.ഐ.ആർ (SIR) ക്രമക്കേടുകളും മുൻനിർത്തി കോൺഗ്രസും ഇൻഡ്യ (INDIA) മുന്നണിയിലെ സഖ്യകക്ഷികളും പ്രക്ഷോഭം ശക്തമാക്കുകയാണ്. ഇതിന്റെ തുടക്കമായി ഒക്ടോബർ 30-ന് അശോക് ഹോട്ടലിൽ ‘പബ്ലിക് ഇംപീച്ച്മെന്റ്’ പരിപാടി നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പോലീസ് ഇടപെട്ട് അനുമതി റദ്ദാക്കിയതിനെ തുടർന്ന് പരിപാടി രാംലീല മൈതാനത്തേക്ക് മാറ്റുകയായിരുന്നുവെന്നും, അവിടെയും സജ്ജീകരണങ്ങൾ ഒരുക്കാനെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞുവെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
അനുമതി നൽകിയെങ്കിലും റാലിക്ക് പോലീസ് വളരെ കർശനമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. വൈകീട്ട് അഞ്ച് മണിക്ക് തന്നെ റാലി അവസാനിപ്പിക്കണം. സമയം ഒരു കാരണവശാലും നീട്ടി നൽകില്ലെന്നും പരിപാടി കഴിഞ്ഞയുടൻ ആളുകൾ പിരിഞ്ഞുപോകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാത്രി മൈതാനത്ത് തങ്ങാനോ, അവിടെ നിന്ന് പ്രകടനമായോ മാർച്ചായോ പുറത്തേക്ക് പോകാനോ അനുവാദമില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റേജ്, പ്രവേശന കവാടങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവിടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കണം. പ്രകോപനപരമായോ ജാതി-മത വിദ്വേഷം പരത്തുന്ന രീതിയിലോ പ്രസംഗിച്ചാൽ ഉടൻ മൈക്ക് ഓഫാക്കി പ്രസംഗകനെ വേദിയിൽ നിന്ന് മാറ്റണം. വ്യവസ്ഥകൾ ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സംഘാടകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



