സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 30-ലേറെ പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബാഴ്‌സലോണ: മധ്യ സ്പെയിനിലെ ടോളിഡോ പ്രവിശ്യയിൽ അതിവേഗ തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം. നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ പിൻഭാഗത്തേക്ക് മറ്റൊരു അതിവേഗ തീവണ്ടി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി സ്പാനിഷ് അധികൃതർ അറിയിച്ചു. തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് തെക്കുപടിഞ്ഞാറൻ നഗരമായ സെവില്ലെയിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്പാനിഷ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ‘റെൻഫെ’ (RENFE) കമ്പനിയുടെ ട്രെയിനും, സ്വകാര്യ കമ്പനിയായ ‘ഇറിയോ’യുടെ (IRYO) ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.

ഉർദ, ലോസ് യെബെനെസ് എന്നീ നഗരങ്ങൾക്കിടയിലുള്ള വിജനമായ സമതല പ്രദേശത്ത് വെച്ച് ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. ഇറിയോ കമ്പനിയുടെ നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് റെൻഫെയുടെ ട്രെയിൻ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ആഘാതത്തിൽ രണ്ട് ബോഗികൾ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തേക്ക് മറിയുകയും ഒരെണ്ണം പൂർണ്ണമായും തകരുകയും ചെയ്തു. 397 യാത്രക്കാരുമായി പോയ റെൻഫെ ട്രെയിനും 147 യാത്രക്കാരുണ്ടായിരുന്ന ഇറിയോ ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതം ചെറുക്കാൻ മിലിട്ടറി എമർജൻസി ബ്രിഗേഡ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ സന്നദ്ധ സേനകളെ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരുക്കേറ്റവരെ പരിചരിക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ കായിക മന്ദിരങ്ങൾ താത്കാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് മാഡ്രിഡ്, സിയുഡാഡ് റിയാൽ, അൻഡലൂസിയ തുടങ്ങിയ പ്രധാന നഗരങ്ങൾക്കിടയിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു. ഈ വർഷം സ്പെയിനിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ തീവണ്ടി അപകടമാണിത്. ജനുവരിയിൽ ഉണ്ടായ സമാനമായ അപകടത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles