മനാമ: കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) കഴിഞ്ഞ ആറു വർഷത്തോളമായി നടത്തിവരുന്ന രിഫായി ദഫ് റാതീബ് ജൽസ വെള്ളിയാഴ്ച രാത്രി 6:30 ന് ഗുദൈബിയ- ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടക്കും.
ആത്മീയതയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും സാന്ത്വന ദഅ്വത്തിന്റെയും അത്യുന്നത മാതൃക തീർത്ത ശൈഖ് രിഫായി തങ്ങളുടെ വഴിയിൽ വന്ന ദഫ് മുട്ടിന്റെ അകമ്പടിയോടു കൂടിയുള്ള റാത്തീബ് സംഗമത്തിൽ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി തുടങ്ങിയ വിവിധ സ്ഥാപന-സംഘടനാ നേതാക്കളും പ്രവർത്തകരും സംബന്ധിക്കും.
പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനും, സമസ്ത മുല്ലേരിയ മേഖല പ്രസിഡന്റും, ജാമിഅ സഅദിയ്യ മുദരിസുമായ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യാതിഥിയായി പങ്കെടുക്കും. ചാരിറ്റി ഹാളിൽ വിശാലമായി ഒരുക്കിയ സദസ്സിൽ സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തു വർഷത്തിലധികമായി വിദ്യാഭ്യാസ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന കെ.സി.എഫ് പ്രവർത്തകരിൽ നിന്ന് താല്പര്യമുള്ളവർക്ക് ദഫ് പരിശീലനം കൂടി നടത്തി വരികയാണ്.
പരിപാടിയുടെ വിജയത്തിനായി ചേർന്ന അന്തിമ യോഗത്തിൽ ദഫ് റാതീബ് സമിതി ഭാരവാഹികൾ, കെ.സി.എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, മറ്റു സോൺ-സെക്ടർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.



