ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു; 13 പേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ഒമാൻ തീരത്ത് വെച്ച് ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹിം അജിജ് ആണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ നാവികരെ ഒമാൻ കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു.

‘അൽ-ജുസുഫി’ എന്ന ഇന്ത്യൻ വ്യാപാര കപ്പലിന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. രക്ഷപ്പെട്ട നാവികർക്ക് അടിയന്തര പരിചരണവും സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട നാവികന്റെ ഭൗതികശരീരവും മറ്റ് നാവികരെയും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന പിരിമുറുക്കങ്ങൾക്കിടയിലാണ് ഒമാൻ തീരത്തുവെച്ച് വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്.

യു.എസും ഇറാനും തമ്മിൽ ഉടലെടുത്ത സംഘർഷങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയും ഗൾഫ് സമുദ്രത്തിലൂടെയും സഞ്ചരിക്കുന്ന വ്യാപാരി കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൾഫ് മേഖലയിലെ സമുദ്രപാതകളിൽ കപ്പലുകൾ നേരിടുന്ന രൂക്ഷമായ സുരക്ഷാഭീഷണിയാണ് ഈ സംഭവം വീണ്ടും അടിവരയിടുന്നത്. മേഖലയിലുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ 14 നാവികർ ഉൾപ്പെടെ 22 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. സമുദ്രപാതകളിലെ അന്താരാഷ്ട്ര നാവികരുടെ കൂട്ടായ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles