ഷിംല: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ സാധാരണ അറ്റകുറ്റപ്പണികൾ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. ഡെറാഡൂൺ ഷിംല ബൈപ്പാസിന് സമീപമുള്ള സെവ്ല കലാനിലാണ് സംഭവം. പള്ളി നിർമ്മാണം അനധികൃതമാണെന്നും പ്രാദേശിക റോഡ് കയ്യേറിയാണ് മൂന്നുനില കെട്ടിടം നിൽക്കുന്നതെന്നും ആരോപിച്ചായിരുന്നു ബജ്റംഗ്ദൾ സംസ്ഥാന പ്രതിനിധി വികാസ് വർമ്മയുടെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തിയത്. പള്ളി കാരണം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും, മസൂറി-ഡെറാഡൂൺ ഡെവലപ്മെന്റ് അതോറിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം കെട്ടിടം പൊളിച്ചുനീക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബജ്റംഗ്ദൾ മുന്നറിയിപ്പ് നൽകി. 2017-ൽ നൽകിയ പരാതി അവഗണിച്ച് നിർമ്മാണം മൂന്ന് നിലയാക്കിയെന്നും പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെന്നും സംഘം വാദിച്ചു.
എന്നാൽ ബജ്റംഗ്ദളിന്റെ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മുസ്ലിം സേവാ സംഘടന വ്യക്തമാക്കി. പള്ളി പൂർണ്ണമായും നിയമപരമായാണ് പ്രവർത്തിക്കുന്നതെന്നും പുതിയ നിർമ്മാണങ്ങളൊന്നും അവിടെ നടക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് നയീം ഖുറേഷി അറിയിച്ചു. മഴവെള്ളം ചോർന്നൊലിക്കുന്നത് തടയാനായി മൂന്നാം നിലയുടെ മേൽക്കൂരയിൽ സിമന്റ് പൂശുന്ന സാധാരണ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിടം പൂർണ്ണമായും നിയമവിധേയമാണെന്ന് തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും സംഘടന വ്യക്തമാക്കി.



