കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച കോളേജ് യൂണിയൻ ഭാരവാഹികളായ എസ് എഫ് ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് കൊളേജിൽ നിന്നും സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് സസ്പെൻഷൻ തീരുമാനം കൈക്കൊണ്ടത്.
കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ 60 ദിവസമായി തുടരുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിനിടെ വിദ്യാർത്ഥികൾ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ മന്ത്രി റോജി എം. ജോൺ പ്രസംഗിക്കുന്ന വേദിയിൽ കയറി കാലടി സർവകലാശാലാ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനെതിരെ കെ എസ യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗൺസില് നടപടിയെടുത്തത്. ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മുൻപ് നടപ്പാക്കിയ നിലപാടുകളിൽ മന്ത്രി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ചോദിക്കാനാണ് വേദിയിൽ കയറിയതെന്നും നഫീസത്തുൽ മിസ്രിയ വ്യക്തമാക്കി.
അതേസമയം, സസ്പെൻഷൻ വാർത്ത പുറത്തുവന്നതോടെ മഹാരാജാസ് കോളേജിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചു. സസ്പെൻഷൻ നടപടിയെ രാഷ്ട്രീയപരമായും തെരുവിലും പ്രതിരോധിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. കാലടി സർവകലാശാലാ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാദം തെറ്റാണെന്നും സർവകലാശാല പ്രൊ-ചാൻസലറായ മന്ത്രിക്ക് വിഷയത്തിൽ ഇടപെടാൻ സാധിച്ചില്ലെങ്കിൽ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും ചോദ്യം ചെയ്യലുകളും സംഘടിപ്പിക്കാനാണ് എസ് എഫ് ഐയുടെ തീരുമാനം.



