തിരുവനന്തപുരം: ദന്ത ചികിത്സയ്ക്കിടെ ഡോക്ടറുടെ അശ്രദ്ധ മൂലം സൂചി വയറ്റിനുള്ളിൽ കുടുങ്ങി പ്ലസ് ടു വിദ്യാർഥിനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുവിക്കര വട്ടക്കുളം സ്വദേശിനി ദേവിശ്രീക്കാണ് (17) ഈ ദുരനുഭവം ഉണ്ടായത്. എക്സ്റേയിലും സ്കാനിങ്ങിലും സൂചി ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പെൺകുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡോക്ടർക്കെതിരെ ചികിത്സാപ്പിഴവിന് നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 31-ന് വൈകിട്ട് അരുവിക്കരയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിൽ റൂട്ട് കനാൽ ചികിത്സ നടത്തുന്നതിനിടെയാണ് ഡോക്ടറുടെ കൈയിൽ നിന്ന് സൂചി കുട്ടിയുടെ തൊണ്ടയിലൂടെ ആമാശയത്തിലേക്ക് ഇറങ്ങിപ്പോയത്. അപകടം സംഭവിച്ച ഉടൻ വിവരം രക്ഷിതാക്കളെ അറിയിക്കാതെ ക്ലിനിക്ക് അധികൃതർ കുട്ടിയെ ബൈക്കിൽ അരുവിക്കരയിലെയും കരകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് എക്സ്റേ പരിശോധനയും പ്രാഥമിക ചികിത്സയും നൽകുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ സ്ഥലത്തെത്തിയ ശേഷമാണ് കുട്ടിയെ തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. അതേസമയം, റൂട്ട് കനാലിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നുവെന്ന വിചിത്രമായ ന്യായീകരണമാണ് ദന്തൽ ക്ലിനിക്ക് അധികൃതർ മുന്നോട്ടുവെക്കുന്നത്. സംഭവം വിശദമായി അന്വേഷിച്ച ശേഷം തക്കതായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അരുവിക്കര പോലീസ് അറിയിച്ചിട്ടുണ്ട്.



