തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഈ മാസം 10-ന് ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്താനാണ് നിർദേശം. മുൻപ് നോട്ടീസ് നൽകിയപ്പോൾ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവിന് ശേഷമേ ഹാജരാകൂ എന്ന് എം.ആർ. ബൈജു അറിയിച്ചിരുന്നു. എന്നാൽ, അന്വേഷണമോ ചോദ്യം ചെയ്യലോ തടഞ്ഞ് കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് ഹൈക്കോടതിയുടെ വ്യക്തമായ നിർദേശമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തവണയും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ വിവരം നേരിട്ട് ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസിൽ നേരത്തെ അറസ്റ്റിലായ പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പമിരുത്തി ചെയർമാനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ചെയർമാൻ നൽകിയ മൊഴികളിലെ വൈരുധ്യവും ഭരണസമിതിയിലെ മറ്റ് പി.എസ്.സി അംഗങ്ങളുടെ നിർണായക മൊഴികളും കണക്കിലെടുത്ത് എം.ആർ. ബൈജുവിനെ കേസിൽ പ്രതിചേർക്കാനുള്ള നീക്കങ്ങൾ എസ്.ഐ.ടി സജീവമാക്കിയിട്ടുണ്ട്. കേസിൽ തുടരന്വേഷണം വേഗത്തിലാക്കുന്നതോടെ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.



