ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെ രക്ഷപ്പെടുത്തി യു.എ.ഇ നാഷണൽ ഗാർഡ്

അബുദാബി: ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിലുണ്ടായ കടുത്ത തീപിടുത്തത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. അറബ് പൗരന്മാരായ ജീവനക്കാരാണ് രക്ഷപ്പെട്ടവരെല്ലാം. കപ്പലിൽ തീ പടർന്നതായുള്ള സന്ദേശം ലഭിച്ചയുടൻ യു.എ.ഇ നാഷണൽ ഗാർഡിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തുകയും അതിവേഗം രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയെന്നും, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാഷണൽ ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ കപ്പലിന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകൾ മൈനുകളിൽ (naval mines) തട്ടി തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. നാവിഗേഷൻ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഓഫാക്കി അനധികൃത പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചപ്പോഴാണ് കപ്പലുകൾ അപകടത്തിൽപ്പെട്ടതെന്നാണ് ഐ.ആർ.ജി.സിയുടെ ആരോപണം. ഇതിലൊരു കപ്പൽ ഹോർമുസ് കടലിടുക്കിന് കിഴക്കുഭാഗത്തും രണ്ടാമത്തേത് കടലിടുക്കിന് ഉള്ളിലുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ കപ്പൽ ഗതാഗതത്തിന് നേരെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ യു.എ.ഇ സുരക്ഷാ സേന ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles