ദി ഹേഗ്: മ്യാൻമറിലെ മുസ്ലിം ന്യൂനപക്ഷമായ രോഹിംഗ്യകൾക്കെതിരെ സൈന്യം വംശഹത്യ നടത്തിയെന്ന കേസിൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വ്യാഴാഴ്ച സുപ്രധാന വിധി പ്രസ്താവിക്കും. 2019-ൽ പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയ ഫയൽ ചെയ്ത കേസിലാണ് ദി ഹേഗിലെ കോടതി തീർപ്പ് കൽപ്പിക്കുന്നത്. ഗസ്സ സംഘർഷത്തിൽ ഇസ്രായേലിനും ജർമ്മനിക്കുമെതിരായ കേസുകളും, റഷ്യക്കെതിരെ ഉക്രെയ്ൻ നൽകിയ വംശഹത്യ കേസുകളും കോടതിയുടെ പരിഗണനയിലിരിക്കെ, ഈ വിധി സമാനമായ മറ്റ് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾക്കും നിയമപരമായ കീഴ്വഴക്കമാകും.
1948-ലെ വംശഹത്യ കൺവെൻഷൻ മ്യാൻമർ ലംഘിച്ചുവെന്ന് വിധിക്കണമെന്നും, രോഹിംഗ്യകൾക്കെതിരായ എല്ലാ നിയമവിരുദ്ധ നടപടികളും അവസാനിപ്പിക്കാൻ ഉത്തരവിടണമെന്നുമാണ് ഗാംബിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ, രോഹിംഗ്യകൾക്ക് പൂർണ്ണ പൗരത്വവും സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശവും നഷ്ടപരിഹാരവും നൽകാൻ മ്യാൻമറിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ, തങ്ങളുടെ സൈനിക നടപടി ഭീകരവാദ വിരുദ്ധ പോരാട്ടം മാത്രമായിരുന്നുവെന്നും അത് വംശഹത്യയല്ലെന്നുമാണ് മ്യാൻമർ കോടതിയിൽ വാദിച്ചത്.
മ്യാൻമർ വംശഹത്യ നടത്തിയെന്ന് ജഡ്ജിമാർ വിധിച്ചാൽ, ഒരു രാജ്യം നേരിട്ട് വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്കുന്ന ചരിത്രത്തിലെ ആദ്യ സംഭവമാകും ഇത്. 1995-ൽ ബോസ്നിയയിലെ സ്രെബ്രെനിക്ക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ‘വംശഹത്യ തടയാനുള്ള ബാധ്യത സെർബിയ ലംഘിച്ചു’ എന്ന് 2007-ൽ കോടതി വിധിച്ചിരുന്നെങ്കിലും, ഒരു രാഷ്ട്രത്തെ നേരിട്ട് വംശഹത്യയിൽ കുറ്റക്കാരായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
1982 മുതൽ പൗരത്വം നിഷേധിക്കപ്പെട്ട രോഹിംഗ്യകൾക്കെതിരെ 2017 ആഗസ്റ്റിൽ മ്യാൻമർ സൈന്യം നടത്തിയ ക്രൂരമായ ‘ശുദ്ധീകരണ’ നടപടിയെത്തുടർന്ന് ഏഴ് ലക്ഷത്തിലധികം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. നിലവിൽ 12 ലക്ഷത്തോളം അഭയാർത്ഥികൾ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലും, 5.5 ലക്ഷത്തോളം പേർ മ്യാൻമറിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലുമാണ് കഴിയുന്നത്. ഐ.സി.ജെ വിധി നേരിട്ട് നടപ്പാക്കാൻ കോടതിക്ക് സംവിധാനമില്ലെങ്കിലും, തങ്ങൾ നേരിട്ടത് വംശഹത്യയാണെന്ന് യു.എൻ പരമോന്നത കോടതി അംഗീകരിക്കുന്നത് വലിയ നീതിയാണെന്ന പ്രതീക്ഷയിലാണ് രോഹിംഗ്യൻ സമൂഹം.



