പ്രവാസികൾക്ക് കൈത്താങ്ങായി ജിദ്ദ അൽ സഫ ഏരിയ കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: തിരക്കുപിടിച്ച ജീവിതവും ക്രമം തെറ്റിയ ഭക്ഷണശീലങ്ങളും മാനസിക സമ്മർദ്ദങ്ങളും പ്രവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യ അവബോധം വളർത്തുന്നതിനായി അൽ സഫ ഏരിയ കെ.എം.സി.സിയും അബീർ മെഡിക്കൽ എക്സ്പ്രസ്സും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.

കുടുംബത്തിന്റെ സന്തോഷത്തിനും ജീവിതസുരക്ഷയ്ക്കുമായി കടൽ കടന്നെത്തിയ പ്രവാസികൾ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർമാർ നിർദ്ദേശിച്ചു. വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ഇ.സി.ജി, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും അബീർ പ്രിവിലേജ് ഡിസ്കൗണ്ട് കാർഡുകളും വിതരണം ചെയ്തു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നസീർ പെരുമ്പള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സമീർ ആമയൂർ സ്വാഗതവും അബ്ദുൽ റഹീം കോയ തങ്ങൾ നന്ദിയും പറഞ്ഞു. കുഞ്ഞാലി, അബ്ദുൽ സലാം, ഹകീം കൂട്ടിലങ്ങാടി, ജലീൽ ഷോബ്ര, കുട്ടിമാൻ, മൻസൂർ, സമീർ മുഹമ്മദ്, മുഹമ്മദ് ഷാഫി, മുനീർ മൈലപ്പുറം, ഷബീർ കാസർകോഡ്, ശരീഫ് ആറങ്ങോടൻ, ഉസ്മാൻ മച്ചിങ്ങൽ, സുബൈർ അരിമ്പ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്:റഹ്‌മത്ത് അലി എരഞ്ഞിക്കൽ

Related Articles

- Advertisement -spot_img

Latest Articles