ലോക്‌സഭയിൽ ഇനി 815 സീറ്റുകൾ; വനിതാ സംവരണത്തിനായി മണ്ഡല പുനർനിർണയ ബിൽ, കരട് വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ 50 ശതമാനം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന മണ്ഡല പുനർനിർണയ ബില്ലിന്റെ (Delimitation Bill) വിശദാംശങ്ങൾ പുറത്തുവന്നു. നിലവിലുള്ള മണ്ഡലങ്ങൾ വെട്ടിക്കുറയ്ക്കാതെ തന്നെ വനിതാ സംവരണം ഉറപ്പാക്കാനാണ് സീറ്റുകളുടെ എണ്ണം ഉയർത്തുന്നത്. പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 815 ആയി ഉയരും. സമാനമായി സംസ്ഥാന നിയമസഭകളിലും നിലവിലെ അംഗസംഖ്യയിൽ 50 ശതമാനം വർദ്ധനവുണ്ടാകും.

വർദ്ധിപ്പിക്കുന്ന സീറ്റുകളിലൂടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വനിതകൾക്കും ഇതിൽ സംവരണം ലഭിക്കും. ഈ സംവരണ സീറ്റുകൾ അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറിമാറി അനുവദിക്കും. ഏറ്റവും പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ മണ്ഡലങ്ങൾ രൂപീകരിക്കുക. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ഭരണപരമായ അതിർത്തികൾ, ഗതാഗത സൗകര്യങ്ങൾ, പൊതുജനങ്ങളുടെ സൗകര്യം എന്നിവ പരിഗണിച്ചായിരിക്കും ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കുക.

മണ്ഡല പുനർനിർണയ നടപടികൾക്കായി കേന്ദ്ര സർക്കാർ പ്രത്യേക ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ മുൻ ജഡ്ജിയോ ആയിരിക്കും കമ്മീഷൻ അധ്യക്ഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന കമ്മീഷണറും, അതത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനിൽ അംഗങ്ങളായിരിക്കും. കമ്മീഷന്റെ കാലാവധി കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ നിശ്ചയിക്കും.

കമ്മീഷൻ തയ്യാറാക്കുന്ന കരട് നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. ഇതിനായി ഓരോ സംസ്ഥാനത്തും പ്രത്യേക പൊതുയോഗങ്ങൾ സംഘടിപ്പിക്കും. കമ്മീഷന്റെ അന്തിമ ഉത്തരവുകൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമപ്രാബല്യം ലഭിക്കും. അതേസമയം, നിലവിലുള്ള ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി അവസാനിക്കുന്നതുവരെ അവയുടെ ഇപ്പോഴത്തെ അംഗസംഖ്യയിൽ മാറ്റമുണ്ടാകില്ലെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles